X

കണ്ണീര്‍ റെയില്‍- പി. ഇസ്മായില്‍ വയനാട്‌

പി. ഇസ്മായില്‍ വയനാട്‌

അമേരിക്കയും റഷ്യയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ളത് ഇന്ത്യയിലാണ്. 67,956 കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ത്യന്‍ റെയില്‍വേ വ്യാപിച്ചുകിടക്കുന്നത്. അതില്‍ 63,950 കിലോമീറ്ററും നിര്‍മിച്ചത് ബ്രോഡ്‌ഗേജ് സംവിധാനത്തിലാണ്. വേഗത, യാത്രക്കാരുടെ എണ്ണം, തൊഴില്‍ ലഭ്യത, വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ നുണ പ്രചാരണങ്ങള്‍ നടത്തിയാണ് ബ്രോഡ്‌ഗേജിനു പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള സില്‍വര്‍ ലൈന്‍ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ധൃതി കൂട്ടുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കണക്കാക്കുന്ന നാസിക്-പുനെ സെമിഹൈസ്പീഡ് പാത ബ്രോഡ്‌ഗേജില്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പച്ചക്കൊടി വീശുമ്പോഴാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള സില്‍വര്‍ ലൈന്‍ നിര്‍മാണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആയിരങ്ങളെ കുടിയിറക്കുന്നത്. വേഗത, ഭാരവാഹന ശേഷി, കോച്ചുകളുടെ വീതി തുടങ്ങിയ കാര്യങ്ങളില്‍ ബ്രോഡ്‌ഗേജ് പാതയെ സ്റ്റാന്‍ഡേര്‍ഡ് ഗേജുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമതയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളില്ല. ബ്രോഡ്‌ഗേജില്‍ സില്‍വര്‍ലൈന്‍ നിര്‍മിച്ചാല്‍ 30 മുതല്‍ 50 ശതമാനം വരെ ചിലവ് കുത്തനെ കുറക്കാന്‍ സാധിക്കും. എല്ലാ വിഭാഗം വരുമാനത്തില്‍പെട്ടവര്‍ക്കും യാത്രചെയ്യാന്‍ കഴിയുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ട് മുതല്‍ മൂന്ന് മടങ്ങ് വര്‍ധിക്കും. പുതിയ ട്രെയിനുകള്‍ക്കൊപ്പം മിക്ക എക്‌സ്പ്രസ് ട്രെയിനുകളെയും ബന്ധിപ്പിക്കാനും നിലവിലെ റെയില്‍വേസ്റ്റേഷനുകള്‍ ഉപയോഗപെടുത്താനും കഴിയും.

ബ്രോഡ്‌ഗേജ് റെയില്‍വേ സംവിധാനം ഉപയോഗപ്പെടുത്തി സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാക്കിയാല്‍ സാമൂഹിക ആഘാതവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ആയിരങ്ങള്‍ പരിസ്ഥിതി അഭയാര്‍ഥികളായും മാറുന്ന ദുരവസ്ഥ ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കാനാവും. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, കെട്ടിടങ്ങള്‍ എന്നിവ നിലം പൊത്തുന്നതും ഒഴിവായി കിട്ടും. ഹെക്ടര്‍ കണക്കിന് നെല്‍പാടങ്ങും തണ്ണീര്‍ത്തടങ്ങളും ജല കൂടങ്ങളായ കുന്നുകളും എന്നെന്നേക്കുമായി ഇല്ലാതാവുന്ന സ്ഥിതി വിശേഷവും മാറി കിട്ടും. ബ്രോഡ്‌ഗേജ് പാതയില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ നാലു മണിക്കൂറിന്റെ സ്ഥാനത്ത് ആറു മണിക്കൂറിനുളളില്‍ കാസര്‍കോട് നിന്ന് തിരുവനനന്തപുരത്ത് എത്താനും നിഷ്പ്രയാസം സാധിക്കും.

കെ റെയിലിന്റെ പ്രാഥമിക പഠനത്തില്‍ നിര്‍ദേശിച്ച ബ്രോഡ്‌ഗേജിനുപകരം സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്കുള്ള ചുവടു മാറ്റം അഴിമതിയിലേക്കുള്ള അതിവേഗ പാതയാണോ നിര്‍മിക്കുന്നതെന്ന സംശയം കൂട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് തുടക്കം തൊട്ടേ ഉണ്ടായിട്ടുള്ളത്. കെ റെയിലിന്റെ ഡി.പി.ആര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിക്കെതിരായി പ്രതിപക്ഷ എം.എല്‍.എക്ക് അവകാശ ലംഘന നോട്ടീസ് നല്‍കേണ്ടിവന്നത് നിസാര കാര്യമല്ല. ഡി.പി.ആര്‍ പുറത്തുവിടാനാവില്ല എന്ന ദുര്‍വാശിയായിരുന്നു സര്‍ക്കാരും കെ റെയില്‍ അധികൃതരും പല ഘട്ടങ്ങളിലും ആവര്‍ത്തിച്ചത്. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് വിവരാവകാശ കമ്മീഷനെകൊണ്ട് പറയിപ്പിക്കാനും ഭരണകൂടത്തിന് സാധിച്ചു. പ്രതിപക്ഷം നടത്തിയ പോരാട്ടത്തെ തുടര്‍ന്ന് ഡി.പി. ആര്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 292 കിലോമീറ്റര്‍ ദൂരത്തില്‍ കരിങ്കല്ലിട്ട് മണ്ണിട്ടു പൊക്കേണ്ടി വരുമെന്നും പാത കടന്നുപോകുന്നതിന്റെ 30 മീറ്ററിനുള്ളില്‍ നിര്‍മാണത്തിന് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വേണമെന്നതുള്‍പെടെ ഞെട്ടിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഡി.പി.ആര്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മലയാളികളിറിഞ്ഞത്.

കെ റെയിലിന്റെ പ്രാഥമിക സാധ്യത റിപ്പോര്‍ട്ട്, അന്തിമ റിപ്പോര്‍ട്ട്, ഡി.പി.ആര്‍ എന്നിവയിലെ കൃത്രിമത്വം അക്കമിട്ടു പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടികാണിച്ചിട്ടും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 900 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക ഓരോ വോട്ടറും വായിക്കുകയും പാത യാഥാര്‍ഥ്യമാക്കുന്നതിനായിട്ടാണ് ജനങ്ങള്‍ വോട്ടു നല്‍കിയതെന്ന വിടുവായിത്തം വരെ ന്യായീകരണത്തിനായിസര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു. യു.ഡി.എഫുകാര്‍ ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം കെ റെയിലിന്റെ ആവശ്യകത ബോധ്യമായിട്ടുണ്ടെന്ന് നാടാകെ പാടിനടന്നവര്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരസ്യമായ എതിര്‍പ്പിനെ കുറിച്ച് മൗനത്തിലാണ്. സി.പി.ഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്റെ മകന്‍ ഉള്‍പ്പെടെ 21 ഓളം നേതാക്കളുടെ മക്കള്‍ പദ്ധതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതിനെ കുറിച്ച് ഒരക്ഷരം ഇതുവരെയായിട്ടും ഉരുയാടിയിട്ടില്ല. ഇടതു പക്ഷം ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളും പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപെട്ട് പ്രമേയം വരെ പാസാക്കിയിട്ടും വിമര്‍ശകര്‍ക്ക് മത തീവ്രവാദ പട്ടം ചാര്‍ത്തി കൊടുക്കാനും അതുവഴി ജനരോഷം തളര്‍ത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. മേധാപട്കര്‍, മാധവ് ഗാഡ്ഗില്‍, പ്രശാന്ത് ഭൂഷണ്‍, ഇ ശ്രീധരന്‍, അലോക് കുമാര്‍ വര്‍മ്മ, കെ സച്ചിദാനന്ദന്‍, ഡോ. ആര്‍.വി. ജെ മേനോന്‍ തുടങ്ങിയവരെയെല്ലാം കെ റെയിലുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ചവരാണ്.

കുറഞ്ഞ മുടക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യുന്നതും പാരിസ്ഥിതക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ എയര്‍ ട്രിപ്‌സും ജലഗതാഗതവും അട്ടപ്പുറത്ത് വെച്ച് അഞ്ച് ശതമാനം വരുന്ന സമ്പന്നര്‍ക്ക് വേണ്ടി നാടു മുറിക്കുന്ന വികസന പരാക്രമ യുദ്ധത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തെ നന്ദിഗ്രാമിനെ ഓര്‍മിക്കും വിധം ലാത്തി കൊണ്ടും നുണബോംബുകള്‍ കൊണ്ടുമാണ് പിണറായി വിജയനും നേരിടുന്നത്. സലിം ഗ്രൂപ്പിന്റെ കയ്യടിക്ക് വേണ്ടി പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ചോരയില്‍ മുക്കിയതിന് ശേഷം ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തിരുച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ് പിണറായി വിജയനെയും കാത്തിരിക്കുന്നത്.

Test User: