X

ആരാധകര്‍ക്ക് കണ്ണീര്‍ കുറിപ്പ്, നന്ദി; പുറത്താകലില്‍ മനസ് തുറന്ന് കോലി

ബെംഗളുരു: തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍. തകര്‍പ്പന്‍ പ്രകടനങ്ങള്‍. കാണികളുടെ നിറഞ്ഞ പിന്തുണ. എന്നിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫ് ബെര്‍ത്ത് ലഭിക്കാത്ത നിരാശയിലാണ് വിരാത് കോലി. പിന്നാലെ ആരാധക പിന്തുണയ്ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വിരാട് കോലി. ‘മികച്ച സീസണായിരുന്നെങ്കിലും ലക്ഷ്യത്തിനരികെ നമ്മള്‍ കാലിടറി വീണു. നിരാശയുണ്ടെങ്കിലും നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും. പിന്തുണയ്ക്കുന്ന എല്ലാ ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്’ എന്നുമാണ് കോലിയുടെ ട്വീറ്റ്.

രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഐ.പി.എല്‍ ഇപ്പോഴും കിട്ടാക്കനിയാണ്. ഇത്തവണ ഫാഫ് ഡുപ്ലസി നയിക്കുന്ന സംഘത്തില്‍ കോലിയെ കൂടാതെ ഗ്ലെന്‍ മാക്‌സ്‌വെലും മുഹമ്മദ് സിറാജുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ സ്ഥിരതയില്ലാത്ത ടീമിന്റെ പ്രകടനമാണ് വന്‍ ആഘാതമായത്.

കഴിഞ്ഞ ദിവസം അവസാന മല്‍സരത്തില്‍ കോലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബെംഗളുരു ജയിക്കുമെന്നാണ് കരുതപ്പെട്ടത്. ചിന്നസ്വാമിയില്‍ മഴ കാരണം വൈകിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി ഗംഭീരമായിരുന്നു കോലി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കരുത്ത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പ്രതികൂല കാലാവസ്ഥ ഗുജറാത്തിന് വെല്ലുവിളിയാവുമെന്നും കരുതപ്പെട്ടു. പക്ഷേ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു. ഇനി അടുത്ത സീസണിനായി അദ്ദേഹം കാത്തിരിക്കണം.

 

webdesk11: