ദാംബുല്ല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയിലെ 3-0ന്റെ ഏകപക്ഷീയ വിജയം നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയെ നേരിടുന്ന ലങ്കക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണ്.
2019ലെ ലോകകപ്പിന് ടീമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഏകദിന റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള കോലിപ്പട ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് പ്രവേശം പോലും ചോദ്യചിഹ്നമായ ലങ്കക്ക് പരമ്പരയില്‍ ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും ജയിച്ചേ പറ്റൂ. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ലങ്കക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ഈ റാങ്ക് നിലനിര്‍ത്തണം.
അതേ സമയം കടലാസിലെ കരുത്തില്‍ ദുര്‍ബലരെങ്കിലും ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലങ്ക ഇന്ത്യയെ അട്ടിമറിച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ് ഫോം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ ഉപുല്‍ തരംഗയാണ് ലങ്കയെ ഏകദിനത്തില്‍ നയിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരുടെ ആധിക്യം കാരണം ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അജിന്‍ക്യ രഹാനെയ്ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ഇറങ്ങുമ്പോള്‍ മനീഷ് പാണ്ഡേ, കേദാര്‍ ജാദവ് എന്നിവരെ പിന്തള്ളി രഹാനെക്കു സ്ഥാനം നല്‍കുമോ എന്നത് സംശയമാണ്. മുഹമ്മദ് ഷമി, ഉമേശ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇവര്‍ക്കു പകരക്കാരായി അക്‌സര്‍ പട്ടേല്‍, യജുവേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലിടം നേടും. അതേ സമയം പരിചയ സമ്പന്നനായ ലസിത് മലിംഗയുടെ തിരിച്ചുവരവ് ലങ്കക്ക് അല്‍പം ആശ്വാസം പകരുന്നതാണ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ച്വറി കുറിച്ച കുശാല്‍ പെരേര, ദനുഷ്‌ക ഗുണതിലക, മുന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷകള്‍. ഇതോടൊപ്പം ധാംബുള്ളയിലെ മികച്ച റെക്കോര്‍ഡാണ് ലങ്കക്ക് പ്രതീക്ഷകള്‍ക്കു വക നല്‍കുന്ന മറ്റൊരു ഘടകം.
ഇവിടെ ഏഴ് മത്സരങ്ങളില്‍ വിജയിച്ച ലങ്ക നാലെണ്ണത്തില്‍ മാത്രമാണ് പരാജയം അറിഞ്ഞിട്ടുള്ളത്. 2019ലെ ലോകകപ്പിനായുള്ള അടിത്തറയാണ് ടീം ഇന്ത്യ പരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്നതിനാല്‍ മുന്‍ ക്യാപ്റ്റന്‍ ധോണിക്ക് പരമ്പര ഏറെ നിര്‍ണായകമാണ്. ഫോമിലല്ലെങ്കില്‍ ധോണിക്ക് സ്ഥാനമുണ്ടാവില്ലെന്ന് സെലക്ടര്‍ എം.എസ്.കെ പ്രസാദ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.