ദോഹ: അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം. ഖത്തര്‍ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരി, ഫോട്ടോഗ്രാഫര്‍മാരായ ഷിറാസ് സിതാര, റുബിനാസ് കോട്ടേടത്ത് എന്നിവരായിരിക്കും ഇന്ന് മുതല്‍ ഖത്തറില്‍ നിന്നും ലോകകപ്പ് വാര്‍ത്തകളും ചിത്രങ്ങളും വായനാ ലോകത്തിന് സമ്മാനിക്കുക.
രാജ്യാന്തര കായിക റിപ്പോര്‍ട്ടിംഗില്‍ ലബ്ധ പ്രതിഷ്ട നേടിയ കമാല്‍ വരദൂര്‍ നിരവധി ലോകകപ്പുകള്‍ ഉള്‍പ്പെടെ 44 രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ ചന്ദ്രികക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകകപ്പ് സംഘാടകരായ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക ക്ഷണിതാവായാണ് ഇക്കുറി അദ്ദേഹം ദോഹയിലെെത്തുന്നത്. അശ്‌റഫ് തൂണേരി ദോഹ ഏഷ്യന്‍ ഗെയിംസ്, ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍, അറബ് ഗെയിംസ്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഷിറാസ് സിതാര. പന്ത്രണ്ടു വര്‍ഷമായി ഖത്തറില്‍ ഫോട്ടോ ജേണലിസ്റ്റാണ്. ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍, ലോക ബീച്ച് ഗെയിംസ് തുടങ്ങി നിരവധി കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റുബിനാസ് കോട്ടേടത്ത് അറബ് കപ്പ് ഉള്‍പ്പെടെ നിരവധി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ചന്ദ്രികക്കായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.