X

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നത് സേവന സന്നദ്ധത: സാദിഖലി തങ്ങള്‍

മലപ്പുറം: പാര്‍ട്ടിക്കു വേണ്ടി ചാവേറാവാനല്ല സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവന സന്നദ്ധരായി ജീവിക്കാനാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്‌സ് ഗാദറിംഗ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ മുസ്‌ലിം യൂത്ത് ലീഗ് നിറവേറ്റിയത്. ഇതില്‍ രാഷ്ട്രീയം മറന്ന് ആയിരങ്ങള്‍ ആ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു. ഇനി അവര്‍ക്ക് സ്‌നേഹ സമ്മാനവുമായി മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അവരെ സമീപിക്കും. ആസമയത്ത് അവര്‍ക്കുണ്ടാവുന്ന സന്തോഷം ചെറുതാവില്ല. ആ ദോത്തി ഉപയോഗം കഴിഞ്ഞ് പ്രവര്‍ത്തകര്‍ സൂക്ഷിച്ചു വെക്കണം. വരും തലമുറക്ക് യൂത്ത് ലീഗ് നടത്തിയ വിപ്ലവകരമായ മുന്നേറ്റത്തെ പകര്‍ന്നു നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ ആദ്യസ്ഥാനങ്ങളില്‍ എത്തിയവരെ പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, വൈസ് പ്രസിഡന്റ് ഷഹബാസ് ഹുസ്സൈന്‍ സംബന്ധിച്ചു.

Test User: