X
    Categories: keralaNews

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം അവതാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം അവതാളത്തില്‍. സ്‌കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപക, അനധ്യാപക, ലൈബ്രറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്‌കൂളും ഹയര്‍ സെക്കന്‍ഡറിയുമായുള്ള ലയനം പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലും വേണ്ടത്ര ജീവനക്കാരില്ലാതെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്.

ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാകട്ടെ ഹൈകോടതി വിധികള്‍ പാലിക്കാതെയാണ്. സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പ്രധാന ആവശ്യമായ റേഷ്യോ കുറച്ചുകൊണ്ടുള്ള ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനവും ഖാദര്‍ കമ്മിറ്റി നല്‍കിയ നിവേദനങ്ങളും പരിഗണിക്കാതെയുമാണ്. ഹൈക്കോടതിയില്‍ കേസിന് പോയ സ്‌കൂളുകള്‍ക്ക് മാത്രമായി അനധ്യാപക തസ്തികകള്‍ അനുവദിച്ചത് അഞ്ച് വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനമാണ്. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലാര്‍ക്ക് ഇല്ലാത്തതിനാല്‍ ഈ ജോലി ചെയ്യുന്നത് പ്രിന്‍സിപ്പല്‍മാരോ അധ്യാപകരോ ആണ്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള സ്‌കൂള്‍ ലൈബ്രറി ചുമതല അധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ ലൈബ്രേറിയന്‍ നിയമനത്തിന്റെ മാനദണ്ഡമായി പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത് 10000 പുസ്തകവും 1200 സ്‌കെയര്‍ ഫീറ്റ് കെട്ടിടവുമാണ്. കേരളത്തില്‍ 10000 പുസ്തകങ്ങള്‍ ഉള്ള നാല് സ്‌കൂളുകള്‍ മാത്രമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രേഖയിലുള്ളത്. ജെ.ജെ.എം.എച്ച്.എസ്.എസ് വണ്ടൂര്‍ കോട്ടയം, എസ്.എന്‍.എച്ച്.എസ്.എസ് പറവൂര്‍ എറണാകുളം, സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് കാഞ്ഞിരമറ്റം എറണാകുളം, കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്നീ സ്‌കൂളുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലൈബ്രറിയന്‍ തസ്തികക്ക് അര്‍ഹതയുള്ളൂ.

ഇതില്‍ കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്ന സ്‌കൂളില്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ലൈബ്രറിയന്‍മാരായി പുറത്തിറങ്ങിയ മൂവായിരത്തിലേരെ ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനായി സര്‍ക്കാരിനെ സമീപിക്കുമ്പോഴാണ് നിയമനം നടത്താതെ കരാറുകാരെ വെച്ച് കോടതിവിധി നടപ്പിലാക്കിയെന്ന് വരുത്തിത്തീര്‍ക്കുന്നത്.

അഗ്‌നിപഥ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ഇടതുസര്‍ക്കാര്‍, സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ അനധ്യാപക നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേരളത്തില്‍ ഭാവി നിയമനങ്ങള്‍ എല്ലാം ഇങ്ങനെ ആവാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പതിനായിരകണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന നിയമനം കരാര്‍ അടിസ്ഥാനത്തിലാക്കിയിരിക്കുന്നത്.അഞ്ചുവര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകവഴി ആയിരകണക്കിന് അഭ്യസ്ത്യ വിദ്യര്‍ക്ക് കിട്ടുമായിരുന്ന സ്ഥിരജോലിയാണ് ഇല്ലാതാകുന്നത്. കരാര്‍ ജോലി എന്ന ഉത്തരവ് പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ അനുവദിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Chandrika Web: