തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ അധ്യാപകരെ ‘ടീച്ചര്‍’എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍. ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം ‘ടീച്ചറാ’ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍. നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ ഉത്തരവ് നല്‍കി.
ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നവസമൂഹനിര്‍മിതിക്ക് നേതൃത്വം നല്‍കുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചര്‍മാര്‍. അതിനാല്‍ സര്‍, മാഡം തുടങ്ങിയ പദങ്ങള്‍ ‘ടീച്ചര്‍’പദത്തിനോ അതിന്റെ സങ്കല്‍പത്തിനോ തുല്യമാകുന്നില്ല. ‘ടീച്ചര്‍’ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.