പരീക്ഷാ ചുമതലയില്‍ നിന്ന് രക്ഷപ്പെടാന്‍ രോഗികളായി ചമഞ്ഞ് അധ്യാപകര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ചുമതലയില്‍ നിന്ന് രക്ഷപ്പെടാന്‍ രോഗികളായി ചമഞ്ഞ് അധ്യാപകര്‍. ആരോഗ്യപ്രശ്‌നം മൂലം അവധി നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി അധ്യാപകരാണ് ഇത്തവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് KPSTA പൊതു വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു.

നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചുമതല വഹിക്കേണ്ട അധ്യാപകരാണ് പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറുന്നത്. പരീക്ഷ നടത്തിപ്പ് – മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും അടിയന്തര കാരണമുള്ളവര്‍ മാത്രമേ മാറിനില്‍ക്കാന്‍ പാടുള്ളൂ എന്ന് പലതവണ വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അത് നടപ്പിലാവുന്നില്ല.

പരീക്ഷ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിവിധ ഓഫീസുകളില്‍ കുന്നുകൂടി കിടക്കുകയാണ്. ഇതോടെ പരീക്ഷ നടത്തിപ്പില്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വകുപ്പിന്റെ ആശങ്ക. താല്‍ക്കാലിക പരിഹാരം എന്നോണം ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനായി സ്വതന്ത്ര എല്‍പി, യുപി സ്‌കൂളുകളിലെ അധ്യാപകരെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. പക്ഷേ ഈ നടപടിയും വിവാദമായി. പഠനോത്സവത്തിന്റെയും പരീക്ഷാ തയ്യാറെടുപ്പിന്റെയും തിരക്കിനിടയില്‍ പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.

webdesk18:
whatsapp
line