ഉത്തർപ്രദേശിൽ വിദ്യാർത്ഥിയുടെ കാൽ തല്ലിയൊടിച്ച് അധ്യാപകൻ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. 10 വയസുള്ള വിദ്യാർത്ഥിയെ മർദ്ദിക്കുകയും കാല് ഒടിക്കുകയും ചെയ്ത കേസിൽ അധ്യാപകൻ ഹർഷിത് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകൻ ചോദിച്ച ചോദ്യത്തിന് വിദ്യാർത്ഥി ഉത്തരം നൽകാത്തതിനെ തുടർന്ന് സംഭവം ഉണ്ടായത്.
കുട്ടി ഉത്തരം നൽകാത്തതിൽ പ്രകോപിതനായ ഹർഷിത് തിവാരി കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. കുട്ടിയെ തിവാരി അതിക്രൂരമായി മർദിക്കുകയും കുട്ടിയുടെ ശരീരത്തിൽ കയറി ഇരിക്കുകയും ചെയ്തു.
ഭാരം താങ്ങാനാവാതെ ബാലൻസ് നഷ്ടപ്പെട്ട കുട്ടി വീഴുകയും കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തു. അധ്യാപകൻ തന്റെ മുഖത്തടിച്ചതായും ആക്രമണത്തിന് ശേഷം കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറഞ്ഞു.
മർദനമേറ്റ കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ കുട്ടിയുടെ കാലിന് ഒടിവ് ഉണ്ടെന്നും കേൾവിക്കുറവ് സംഭവിച്ചെന്നും സ്ഥിരീകരിച്ചു.
പിന്നാലെ കുട്ടിയുടെ അമ്മ അധ്യാപകനെ കാണാനെത്തി. എന്നാൽ ചികിത്സ ചെലവിന് 200 രൂപ വാഗ്ദാനം ചെയ്ത് തിവാരി കുട്ടിയുടെ അമ്മയെ പരിഹസിച്ചു. പിന്നാലെ അമ്മ ഞായറാഴ്ച പൊലീസിൽ പരാതി നൽകി. ബി.എൻ.എസ് സെക്ഷൻ 151 പ്രകാരം അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.