കെ.എസ് മുസ്തഫ
കല്‍പ്പറ്റ
കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക വിദ്യാര്‍ഥി അനുപാതം ഇതുവരെ നടപ്പിലാക്കിയില്ല. 2009 മുതല്‍ അനിവാര്യമായും നടപ്പാക്കേണ്ടതാണെന്നും നിയമം മൂലം വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രത്യേകം നിര്‍ദേശമുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് തുടരുന്ന നിസംഗതയില്‍ നിഷേധിക്കപ്പെടുന്നത് വിദ്യാര്‍ഥികളുടെ അവകാശങ്ങളാണ്. മലബാറിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് എ.ഐ.പി.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ 32 എ. ഐ. പി സ്‌കൂളുകള്‍ക്കും അവിടെ പഠിക്കുന്ന 9,100 കുട്ടികള്‍ക്കും പഠിപ്പിക്കുന്ന 340 അധ്യാപകര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമ പ്രാകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുകള്‍ നിലനില്‍ക്കുകയാണ്. 2015 നവംബര്‍ 11 മുന്‍കാല പ്രാബല്യം നല്‍കി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി അംഗീകരിച്ച് 2021 സെപ്തംബറില്‍ ഉത്തരവ് നല്‍കിയെങ്കിലും നിയമനങ്ങള്‍ക്ക് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍.പി.സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ഒരധ്യാപകന് 30 കുട്ടികളും (1:30), 6 മുതല്‍ 8 വരെ ഒരധ്യാപകന് ഒരു ക്ലാസില്‍ 35 കുട്ടികളും മാത്രമേ പാടുള്ളൂ. എന്നാല്‍ എ.ഐ.പി സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ ഒരധ്യാപകന് 45 കുട്ടികളെന്ന (1:45) 1958 ലെ നിയമമാണ് ഇന്നും നടപ്പാക്കുന്നത്. 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും ഇതേ തുടര്‍ന്ന് പരിഷ്‌കരിച്ച കേരള വിദ്യാഭ്യാസ നിയമവും 23 (എ) അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്നിങ്ങനെ പരിഷ്‌കരിച്ചിരുന്നു. പക്ഷേ സംസ്ഥാനത്തെ ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ ഇന്നും നിയമം മാറിയതറിയാതെ 1958ലെ അധ്യാപക വിദ്യാര്‍ഥി അനുപാതമാണ് (1:45) അംഗീകരിക്കുന്നതും നടപ്പാക്കുന്നതും.