തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നുമാണ് ഹൈടെക് തട്ടിപ്പ് സംഘം 14 ലക്ഷം രൂപ തട്ടിയത്. കൊല്ലം കുണ്ടറ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്സ് ആപ്പില്‍ സന്ദേശം ലഭിച്ചത്. സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഇതിന്റെ നികുതിപണം കമ്പനിയ്ക്ക് നല്‍കണമെന്ന സന്ദേശവും ലഭിച്ചു. സംശയം തോന്നി തിരികെ മെസേജ് അയച്ചപ്പോള്‍ ഡി.ജി.പിയുടെ സന്ദേശമാണ് ഇവര്‍ക്ക് പിന്നീട് ലഭിച്ചത്. ടാക്സ് അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ഇതില്‍ പറഞ്ഞിരുന്നത്. ഡി.ജി.പി അനില്‍കാന്തിന്റെ ചിത്രം സഹിതമുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും പറഞ്ഞിരുന്നു.
സംശയം തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്തേക്ക് അദ്ധ്യാപിക വിളിച്ചു. ഡിജിപി ഡല്‍ഹിക്ക് പോയെന്ന മറുപടിയാണ് അവിടെ നിന്ന് ലഭിച്ചത്. ഇതോടെ തന്റെ ഫോണിലേക്ക് സന്ദേശം അയക്കുന്നത് ഡിജിപിയാണെന്ന് അദ്ധ്യാപിക ഉറപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ പണം കൈമാറിയത്. എന്നാല്‍ താന്‍ തട്ടിപ്പില്‍ പെടുകയായിരുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ അസം സ്വദേശിയുടെ പേരിലെടുത്ത നമ്പറില്‍ നിന്നാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് ഡി.ജി.പിയുടെ പേരില്‍ തന്നെ തട്ടിപ്പ് നടന്നത്.