മൂന്നാര്‍: കുരുന്നുകളുടെ കണ്‍മുന്നില്‍ പ്രീ പ്രൈമറി അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി. കെ.ഡി.എച്ച്.പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ക്രച്ചിലെ അധ്യാപികയായ രാജഗുരു (47) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
മോഷണത്തിനായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുപവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏഴു പവനോളം വരുന്ന താലിമാല, കമ്മല്‍, മൂക്കുത്തി എന്നിവയുള്‍പ്പെടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുഖത്തും നെറ്റിയിലും വെട്ടേറ്റ പാടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കു പിന്നില്‍ മാരകമായ മുറിവേല്‍ക്കുകയും തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും ചെയ്ത നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിനു പിന്നില്‍ ഉണ്ടെന്നാണ് കരുതുന്നത്.
ക്രച്ചിനകത്തേക്കു കയറിയ ആക്രമികള്‍ അകത്തു നിന്നും വാതില്‍ കുറ്റിയിട്ട ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ അക്രമികള്‍ രക്ഷപെട്ടു. ബെന്‍മോര്‍ ഡിവിഷനിലെ ക്രച്ചില്‍ 11 കുട്ടികളാണ് ഉള്ളതെങ്കിലും ഇന്നലെ നാലു കുട്ടികള്‍ മാത്രമാണെത്തിയിരുന്നത്. ഈ നാലുകുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളായിരുന്നു ഇവര്‍.
ജോലിയുടെ ഇടവേളയില്‍ കുട്ടിയെ എടുക്കാന്‍ വന്ന തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് സംഭവം ആദ്യം കണ്ടത്.
പതിവില്ലാതെ വാതില്‍ പൂട്ടിയിരുന്നതു മൂലം മുട്ടിയിട്ട് ഏറെ നേരമായിട്ടും അകത്തു നിന്നും പ്രതികരണമുണ്ടാകാത്തതോടെ പിന്‍ഭാഗത്തു ചെന്ന് വാതിലിലൂടെ നോക്കുമ്പോള്‍ രക്്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ച് അടുത്തുള്ള ലയത്തിലുള്ളവരെയും തോട്ടത്തില്‍ പണിചെയ്യുന്നവരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഉടനെ ക്രച്ചിലെത്തി ഗുണ്ടുമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണികുമാര്‍ ആണ് ഭര്‍ത്താവ്. രാം കുമാര്‍, രാജ് കുമാര്‍ എന്നിവരാണ് മക്കള്‍. കുട്ടികള്‍ കളിക്കുന്ന മുറിയ്ക്കും അടുക്കളയ്ക്കും മദ്ധേയുള്ള ഇടനാഴിയിലാണ് മരിച്ച നിലയില്‍ കിടന്നിരുന്നത്.
ഗുണ്ടുമലയിലും പ്രദേശത്തും രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നത് ആക്രമികള്‍ക്ക് സഹായകരമായി. വളരെ ഉയരം കൂടിയ ഗുണ്ടുമലയില്‍ ഇന്നലെ പതിവില്ലാത്ത വിധത്തില്‍ കനത്ത മൂടല്‍മഞ്ഞാണ് ഉണ്ടായിരുന്നത്. ഇടുക്കി എസ്.പി. കെ.ബി വേണുഗോപാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സി.ഐ ശ്യാം ജോസ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.