X
    Categories: CultureMoreViews

ബി.ജെ.പി സഖ്യം വിടാനൊരുങ്ങി തെലുഗു ദേശവും; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ കക്ഷിയായ ടി.ഡി.പി മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി എന്നാണ് സൂചന. എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒന്നും ലഭിച്ചില്ല എന്ന് പാര്‍ട്ടി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു പരാതിപ്പെട്ടത് പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ തുടക്കമാണെന്ന വിലയിരുത്തലുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ജനരോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുമ്പോള്‍ എന്‍.ഡി.എയില്‍ തുടരുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യുമെന്നാണ് ടി.ഡി.പിയുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ആന്ധ്രയ്ക്ക് കാര്യമായി ഒന്നുമില്ലാത്തതിനെ അമരാവതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നായിഡു രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നായിഡു ഞായറാഴ്ചയോ അടുത്തയാഴ്ചയോ പാര്‍ട്ടി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014-ല്‍ തെലങ്കാന വിട്ടു പോയതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയെ അവഗണിക്കുകയാണെന്ന പരാതി ടി.ഡി.പിക്കു നേരത്തെ തന്നെയുണ്ട്. വന്‍ കടബാധ്യതയുള്ള സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും പുതിയ തലസ്ഥാനമായ അമരാവതി നിര്‍മിക്കുന്നതിനുള്ള ധനസഹായം പോലും ലഭ്യമാകുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

അതേസമയം, നിലവില്‍ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തു വരുന്നത് പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നതിനാല്‍ സൂക്ഷിച്ചായിരിക്കും നായിഡുവിന്റെ നീക്കം. ബി.ജെ.പിയെ പരസ്യമായി കുറ്റപ്പെടുത്തേണ്ടെന്ന് അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘ഞാന്‍ സഖ്യ മര്യാദ പാലിക്കുകയും മിണ്ടാതിരിക്കുകയുമാണ് ചെയ്യുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ ബി.ജെ.പിയുമായി സംസാരിക്കുന്നത് ഞാന്‍ തടയുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍, ഞങ്ങള്‍ നമസ്‌തേ പറഞ്ഞ് പിരിയും.’ – നായിഡു പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: