ഹൈദരാബാദ്: ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കിയ ആന്ധ്രപ്രദേശിലെ മുന്‍ സര്‍ക്കാര്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം തള്ളി തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി). നായിഡു സര്‍ക്കാര്‍ പെഗസസ് സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടില്ലെന്ന് ടി.ഡി.പി ജന. സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു. സര്‍ക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. മമത അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നും ഏത് സന്ദര്‍ഭത്തില്‍ എവിടെ വച്ചാണ് പ്രസ്താവന നടത്തിയതെന്നും അറിയില്ല. അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നതെന്നും ലോകേഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് പെഗസസ് സോഫ്റ്റ്‌വെയര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നുവെന്ന് നായിഡു സര്‍ക്കാറില്‍ ഐ.ടി മന്ത്രിയായിരുന്ന ലോകേഷ് പറഞ്ഞു. 2021 ആഗസ്റ്റില്‍ ഡി.ജി.പി ഗൗതം സവാങിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ ആന്ധ്ര സര്‍ക്കാര്‍ പെഗസസ് സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായും ലോകേഷ് ചൂണ്ടിക്കാട്ടി.