അമരാവതി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നീട്ടിവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
സഖ്യം തുടരുമെങ്കിലും സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള സമ്മര്‍ദ്ദം തുടരാനാണ് തീരുമാനം. ബജറ്റില്‍ അവഗണിച്ചതിലുള്ള ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും ടി.ഡി.പി നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ശിവസേനാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് ടി.ഡി.പി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, തലസ്ഥാന നഗരിയായ അമരാവതിക്ക് പ്രത്യേക പാക്കേജ് തുടങ്ങിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലും പാലിച്ചില്ലെന്നായിരുന്നു ടി.ഡി.പിയുടെ ആക്ഷേപം.
കടുത്ത തീരുമാനങ്ങളിലേക്കു കടക്കരുതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവിനോട് ഫോണിലൂടെ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ടി.ഡി.പി നിലപാട് മയപ്പെടുത്തിയത്. നായിഡുവുമായുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടി ദേശീയ ജന. സെക്രട്ടറി റാം മാധവിനെയും പ്രത്യേക ദൂതനായി അയക്കുകയും ചെയ്തിരുന്നു. മുത്തലാഖ് ബില്‍ ഉള്‍പ്പെടെ രാജ്യസഭയില്‍ പരിഗണിക്കാനിരിക്കെ ടി.ഡി.പിയുടെ പിന്തുണ നഷ്ടമാകുന്നത് കേന്ദ്രത്തിനു കനത്ത തിരിച്ചടിയാകുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം. കേവലഭൂരിപക്ഷം മാത്രമുള്ള രാജ്യസഭയില്‍ ടി.ഡി.പിയുടെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്. ഇടതു പാര്‍ട്ടികള്‍ ഈമാസം എട്ടിന് ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ടി.ഡി.പി നേതൃയോഗം എന്തുതീരുമാനമെടുക്കുമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണു സമ്മര്‍ദതന്ത്രമെന്ന നിലയില്‍ അമരാവതിയില്‍ നേതാക്കളുടെയും എം.പിമാരുടെയും അടിയന്തരയോഗം വിളിച്ചത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനിടെ നായിഡുവിനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഫോണില്‍ വിളിച്ചതായും പ്രത്യേക പാക്കേജുകള്‍ ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സഖ്യം ഉപേക്ഷിച്ചാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാന്‍ ബി.ജെ.പി പാളയത്തില്‍ സജീവമാണ്.