X
    Categories: CultureMoreViews

പ്രേതപ്പേടി മാറ്റാന്‍ എം.എല്‍.എ രാത്രി ശ്മശാനത്തില്‍ പായ വിരിച്ചുറങ്ങി

ഹൈദരാബാദ്: പ്രേതബാധയുണ്ടെന്ന പേടിയില്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എല്‍.എ രാത്രി ശ്മശാനത്തില്‍ പായ വിരിച്ചുറങ്ങി. പ്രേതമുണ്ടെന്ന പേടിയെ തുടര്‍ന്നാണ് തൊഴിലാളികള്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ഈ പേടി മാറ്റാന്‍ വേണ്ടിയാണ് ടി.ഡി.പി എം.എല്‍.എ ആയ നിമ്മല രാമ നായിഡു വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ശ്മശാനത്തിലെത്തിയ നിമ്മല രാമ അത്താഴം കഴിച്ചതും ഇവിടെയായിരുന്നു.

രാവിലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്മശാന ജോലികള്‍ നിരീക്ഷിക്കാന്‍ വൈകുന്നേരം തിരികെ എത്തുമെന്ന് ഉറപ്പ് നല്‍കിയാണ് പോയത്. അടുത്ത രണ്ട് മൂന്ന് ദിവസം ശ്മശാനത്തില്‍ അന്തിയുറങ്ങാനാണ് എം.എല്‍.എയുടെ തീരുമാനം.

നിമ്മല രാമ തന്റെ മണ്ഡലത്തില്‍ പെട്ട ശ്മശാനത്തിന്റെ പുനരുദ്ധാരണത്തിന് ഒരു വര്‍ഷം മുമ്പ് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നടപടികള്‍ മുന്നോട്ട് നീങ്ങിയില്ല. ശ്മശാനത്തില്‍ എല്ലാ ദിവസവും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തും. പകുതി വെന്ത മൃതദേഹങ്ങള്‍ പലതും കുഴിച്ചിടുകയാണ് ചെയ്യുന്നത്. ശരിയായി സംസ്‌കാരം നടക്കാത്തതിനാല്‍ ആത്മാക്കള്‍ തങ്ങളെ ഉപദ്രവിച്ചേക്കുമെന്ന പേടിയിലാണ് തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുന്നത്. ആത്മാക്കളെ പേടിക്കേണ്ടതില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താനാണ് എം.എല്‍.എ ശ്മശാനത്തില്‍ ഉറങ്ങിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: