X

ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് ടിഡിപി; എന്‍ഡിഎ വിടും, കേന്ദ്രമന്ത്രിമാരുടെ രാജി ഈ ആഴ്ച

ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണി വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നല്‍കുന്നതിന് പ്രയോഗിക തടസ്സമുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നത്. ബിജെപിയോടുള്ള അതൃപ്തി രേഖപ്പെടുത്തി മോദി മന്ത്രിസഭയില്‍ നിന്ന് രണ്ട് ടിഡിപി അംഗങ്ങള്‍ ഈ ആഴ്ച രാജിവെച്ചേക്കും. ഇന്നലെ ചേര്‍ന്ന ടിഡിപി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ എംഎല്‍എമാരും എംഎല്‍സിമാരും ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ജനപ്രതിനിധികളുടെ വികാരം കണക്കിലെടുത്ത് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് വിവരം.
എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനമായാല്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും കേന്ദ്ര സഹമന്ത്രി വൈ.എസ് ചൗധരിയും ശനിയാഴ്ചയോടെ രാജിവെക്കും. എന്നാല്‍ ആന്ധ്രപ്രദേശിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുന്നുണ്ടെന്നും പ്രത്യേക പദവി നല്‍കല്‍ സാധ്യമല്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പ്രത്യേക പദവി നല്‍കുന്നത്. അതനുസരിച്ച് ബിഹാറിനാണ് പ്രഥമ പരിഗണനയെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

chandrika: