ഹൈദരാബാദ്: എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന ബി. ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ മറ്റൊരു സഖ്യ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ബി.ജെ.പിയുമായി ഇടയുന്നു.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവിയെന്ന വാഗ്ദാനം പാലിക്കാത്തതും വൈ. എസ്. ആര്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള സംസ്ഥാന ബി. ജെ.പി നേതൃത്വത്തിന്റെ ശ്രമങ്ങളുമാണ് ടി.ഡി.പിയെ ചൊടിപ്പിച്ചത്. തങ്ങളെ ആവശ്യമില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി സ്വന്തം നിലക്ക് മുന്നോട്ടു പോകുമെന്ന് പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാറിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ നിരാശാജനകമാണെന്നും പ്രത്യേക സംസ്ഥാന പദവിയെന്ന വാഗ്ദാനം കേന്ദ്രം നടപ്പിലാക്കാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അണികളെ താന്‍ നിയന്ത്രിക്കുകയാണ്. ബി.ജെ.പിക്കെതിരായി സംസാരിക്കരുതെന്ന് അവരെ വിലക്കിയിരിക്കുകയാണ്. പക്ഷേ ബി. ജെ.പി നേതാക്കള്‍ ടി.ഡി.പിക്കെതിരെ തിരിയുകയാണ്. പാര്‍ട്ടി നേതൃത്വം ഇതില്‍ ഇടപെട്ടില്ലെങ്കില്‍ കൂപ്പുകൈയ്യോടെ പറയുന്നു ടി.ഡി.പി സ്വന്തം വഴിക്ക് മുന്നോട്ടു പോകും ചന്ദ്രബാബു നായിഡു പറഞ്ഞു. അതേ സമയം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത് നാടകമാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സംസ്ഥാന പദവി കേന്ദ്രം അനുവദിക്കാത്ത പക്ഷം ടി.ഡി.പി തനിച്ച് മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്രത്തിലും സംസ്ഥാനത്തും ബി. ജെ.പിയും ടി.ഡി.പിയും യോജിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.