X

ചരക്കുസേവന നികുതി 15ല്‍ നിന്നും 25 ശതമാനമാക്കി കാര്‍ വില കുത്തനെ കൂടും

 
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ വില കുറച്ച കാറുകള്‍ക്ക് കുത്തനെ വില കൂടുമെന്ന് റിപ്പോര്‍ട്ട്. കാറുകളുടെ നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. എസ്.യു.വികളും ഇടത്തരവും ആഢംബരവും ഹൈബ്രിഡും ഉള്‍പ്പെടെ എല്ലാത്തരം കാറുകള്‍ക്കും വില കൂടിയേക്കും. ആഗസ്റ്റ് അഞ്ചിനു കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 20ാം ജി.എസ്.ടി യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ നികുതിയിലുണ്ടായ കുറവ് കണക്കിലെടുത്താണ് വില വര്‍ധന നടപ്പാക്കുന്നത്. നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജി.എസ്.ടി നടപ്പാക്കുന്ന വേളയില്‍ ആഢംബര വാഹനങ്ങള്‍ക്കും എസ്.യു.വികള്‍ക്കും നികുതി നിര്‍ണയിക്കുന്നതില്‍ വന്ന അപാകത പരിഹരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കാനായി 15 ശതമാനമായിരുന്ന പരമാവധി നികുതി 25 ശതമാനമായിട്ടാകും വര്‍ധിപ്പിക്കുകയെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
ഇതോടെ സെസ് അടക്കം ആഢംബര വാഹനങ്ങളുടെ നികുതി 53 ശതമാനമാകും. നിലവില്‍ 28 ശതമാനം ജി.എസ്.ടിയും 15 ശതമാനം സെസും ഉള്‍പ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നല്‍കേണ്ട നികുതി. സെസ് 25 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതോടെ നികുതി 53 ശതമാനമാകും. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളോ വലിയ സെഡാനോ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇനി 10 ശതമാനം നികുതി അധികം നല്‍കണം. നാല് മീറ്ററിലധികം നീളവും 1,500 സിസിയില്‍ അധികം എന്‍ജിന്‍ കരുത്തുള്ള വാഹനങ്ങള്‍ക്കുമാണ് 53 ശതമാനം നികുതി ഈടാക്കുക. 1200 സിസിയുള്ള വാഹനത്തിന് 28 ശതമാനം ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസും 1500 സിസി വരെയുള്ള വാഹനത്തിന് 3 ശതമാനം അധിക സെസും എന്ന നില തുടരും.
ജി.എസ്.ടിയില്‍ മോട്ടോര്‍ വാഹന നികുതി പരമാവധി 15 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. ഉല്‍പാദനത്തിനും വില്‍പനക്കും മേലുള്ള കേന്ദ്ര-സംസ്ഥാന നികുതികള്‍ക്കു പകരമായി ജി.എസ്.ടി വന്നതുവഴിയുണ്ടായ നികുതി കുറവാണു ഉപഭോക്താക്കള്‍ക്കു വിലക്കുറവായി കമ്പനികള്‍ ജൂലൈ മാസത്തില്‍ നല്‍കിയത്. ഇതോടെ സാധാരണ കാറുകളുടെ വില 300 മുതല്‍ 30,000 രൂപ വരെ കുറഞ്ഞിരുന്നു. എസ്.യു.വി വിഭാഗത്തിലാണ് ജി.എസ്.ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ആഢംബര കാര്‍ വിപണിയില്‍ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍ മധ്യനിര വാഹനങ്ങള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തിയത് വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് ആഡംബര കാറുകള്‍ക്കും എസ്.യു.വികള്‍ക്കും നികുതി കൂട്ടുന്നത്.

chandrika: