X

മോദി സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി; പണം പിന്‍വലിക്കലിന് നികുതി ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നികുതി വരുമാനം വര്‍ധിപ്പിക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ക്യാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (ക്യാഷ് ടാക്‌സ്) എന്ന പേരില്‍ പണം പിന്‍വലിക്കലിന് നികുതി ഈടാക്കുന്നതിനെക്കുറിച്ചുള്ള ഗുണദോഷങ്ങള്‍ മോദി സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് പരിധി നിശ്ചയിക്കും. കൂടാതെ മൂന്നു ലക്ഷത്തിനു മുകളില്‍ പണം പിന്‍വലിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നതായാണ് വിവരം. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന പണത്തിന്റെ പരിധി പതിനഞ്ച് ലക്ഷമായി തീരുമാനിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നോട്ട് അച്ചടിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞതാണ് ഡിജിറ്റല്‍ പണമിടപാടെന്നതാണ് ഇതിനു കേന്ദ്ര സര്‍ക്കാറിന്റെ വാദം.

chandrika: