വാഷിങ്ടണ്‍: പ്രസ്താവനകളില്‍ ചൈനീസ് വിരുദ്ധതയ്ക്ക് പേരു കേട്ടയാളാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് കാലത്ത് ചൈനയ്‌ക്കെതിരെ അദ്ദേഹം നടത്തിയ വാക്‌പോരുകള്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാക്‌പോരിന് പിന്നാലെ യുഎസും ചൈനയും തമ്മില്‍ വ്യാപാര യുദ്ധവുമുണ്ടായി. അതു തുടരുകയും ചെയ്യുന്നു.
എന്നാല്‍ ഏറെ രസകരമായത്, ചൈനയില്‍ ഒരു പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു എന്നതാണ്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കച്ച കെട്ടിയ കാലത്തായിരുന്നു ഇത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ ഓഫീസ് ആരംഭിക്കാനും ട്രംപിന് പദ്ധതിയുണ്ടായിരുന്നു എന്ന് പത്രം പറയുന്നു.
യുഎസ് പ്രസിഡണ്ടിന് ചൈന അടക്കം മൂന്ന് വിദേശ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് നികുതി രേഖകള്‍ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറമേ, ബ്രിട്ടന്‍, ഐര്‍ലന്റ് എന്നിവിടങ്ങളിലാണ് ബാങ്ക് അക്കൗണ്ടുകള്‍.
ചൈനീസ് അക്കൗണ്ട് നിയന്ത്രിച്ചിരുന്നത് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്‌മെന്റ് എല്‍എല്‍സി എന്ന സ്ഥാപനമാണ്. ഇവര്‍ 2013നും 2015നും ഇടയില്‍ ചൈനയില്‍ 188,561 ഡോളര്‍ നികുതിയടച്ചിട്ടുണ്ട്. പ്രാദേശിക നികുതികള്‍ അടയ്ക്കാന്‍ വേണ്ടിയാണ് ചൈനയില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത് എന്ന് കമ്പനി വക്താവ് അലന്‍ ഗാര്‍ടന്‍ ദ ടൈംസിനോട് പറഞ്ഞു.
2015 ഓടു കൂടി പദ്ധതി നടക്കില്ലെന്ന് ആയതോടെ ബാങ്ക് അക്കൗണ്ട് നിര്‍ജീവമായി. മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കല്ല അക്കൗണ്ട് തുറന്നത് എന്നും ഗാര്‍ടന്‍ കൂട്ടിച്ചേര്‍ത്തു. ഏതു ബാങ്കിലാണ് അക്കൗണ്ട് ഉള്ളത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.