നികുതി വര്‍ധനയില്‍ മന്ത്രി രാജേഷിനെ പരിഹസിച്ച് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഫെയസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
എം.ബി രാജേഷിനുള്ള മറുപടി
ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കും വിധം പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് ഫെയിസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സര്‍ക്കാറിന്റെ പിടിച്ചു പറിയെ വെള്ള പൂശാന്‍ അങ്ങേയറ്റം ബാലിശമായ വാദങ്ങളാണ് മന്ത്രി ഉയര്‍ത്തിയിട്ടുള്ളത്.
നേരത്തെ പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ എടുത്തിരുന്നത് മണിക്കൂറുകള്‍ കൊണ്ട് ലഭിക്കും എന്നാണ് മന്ത്രിയുടെ അവകാശ വാദം.
ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കാന്‍ 30 രൂപയുണ്ടായിരുന്നത് 300 മുതല്‍ 3000 രൂപ വരെയാക്കി വര്‍ധിപ്പിച്ചതും പെര്‍മിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് 38500 രൂപ വരെയാക്കി ഉയര്‍ത്തിയതിനെയും ന്യായീകരിക്കാനാണ് മന്ത്രി ഈ ഒരു കാര്യം ഉന്നയിക്കുന്നത്.
KPBR പ്രകാരം 15 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് കൊടുക്കണമെന്ന നിയമം നിലവിലുള്ളത് മന്ത്രിക്കറിയില്ലേ?അല്ലെങ്കിലും പെര്‍മിറ്റ് ഫീ വേഗത്തിലാക്കുന്നതും ഈ കൊള്ളയും തമ്മില്‍ എന്താണ് ബന്ധം? ജനങ്ങളെ ഇടതു മുന്നണി സര്‍ക്കാര്‍ കൊള്ളയടിക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ ഇനി മുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണോ മന്ത്രി പറയുന്നത്?
സാധാരണക്കാരന് ഈ വര്‍ധനവ് ബാധിക്കില്ല എന്നാണ് മന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമല്ലേ? 900 സ്‌ക്വയര്‍ ഫീറ്റ് വീട് കേരളത്തില്‍ ഒരു സാധാരണക്കാരന്റേതല്ലേ? നേരത്തെ പെര്‍മിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ പഞ്ചായത്തിലാണെങ്കില്‍ 8500 രൂപയും മുനിസിപ്പാലിറ്റിയിലാണെങ്കില്‍ 11500 രൂപയും കോര്‍പ്പറേഷനിലാണെങ്കില്‍ 16000 രൂപയും കൊടുക്കണ്ടേ?
മന്ത്രി അക്കമിട്ട് പറയുന്ന പോയന്റുകള്‍ എല്ലാം ഊന്നുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുറവാണ് എന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഏതൊക്കെയാണ് കൂടുതല്‍ എന്ന് നോക്കി കേരളത്തിലും കൂട്ടുന്ന പണിയാണോ പിണറായി സര്‍ക്കാറിനുള്ളത്? കേരളത്തില്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ കുറവുമുള്ള പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് പെട്രോള്‍, ഡീസല്‍. അത്തരം കാര്യങ്ങളില്‍ ഇവിടെ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? കൂട്ടുന്ന മെഷീന്‍ മാത്രമാണോ ഈ സര്‍ക്കാര്‍ ഓണാക്കി വെച്ചത്? അത് കൊണ്ട് കോയമ്പത്തൂരിനെ കുറിച്ച് പറയാതെ കേരളത്തെ കുറിച്ച് പറയൂ!
നിരക്ക് കൂട്ടിയത് വഴിയുള്ള വരുമാനം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാറിനല്ലെന്നുമാണ് മന്ത്രിയുടെ മറ്റൊരു വാദം. ഇതു വഴി പഞ്ചായത്തുകള്‍ക്കും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നുമാണ് അവകാശ വാദം. ജനങ്ങളുടെ കയ്യില്‍ നിന്ന് അധികമായി പിടിച്ചു പറിച്ചിട്ട് വികസനം നടത്താന്‍ ആര്‍ക്കാണ് കഴിയാത്തത്? സാധാരണക്കാര്‍ നല്‍കുന്ന വിവിധ നികുതികളും(അത് തന്നെ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്) സെസ്സുകളും ജി.എസ്.ടിയുമെല്ലാം വികസനം നടത്താനല്ലേ? അങ്ങിനെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതം പഞ്ചായത്തുകള്‍ക്ക് നല്‍കി വികസനം കൊണ്ടുവരുന്നതിന് പകരം വീണ്ടും സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ടു വാരുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്?
ഇപ്പോള്‍ തന്നെ വിവിധ സാങ്കേതികത്വങ്ങള്‍ ഉണ്ടാക്കി പദ്ധതി വിഹിതം കുറച്ചില്ലേ? പെന്‍ഷന്‍ മുടക്കിയില്ലേ? ഭവന പദ്ധതി അട്ടിമറിച്ചില്ലേ?
പെന്‍ഷന്‍ മസ്റ്ററിംഗ് നേരത്തെ സൗജന്യമായിരുന്നില്ലേ? ഇപ്പോഴത് 30 രൂപയും 50 രൂപയും നല്‍കേണ്ട സാഹചര്യമുണ്ടാക്കിയില്ലേ?
ഉത്തരവാദിത്തം നിര്‍വഹിക്കാതെ എല്ലാം സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണെങ്കില്‍ പിന്നെന്തിനാണ് സര്‍ ഒരു സര്‍ക്കാര്‍??
മന്ത്രിയുടെ അവസാനത്തെ പോയന്റ് കിടുവാണ്. നിരക്ക് കൂട്ടിയത് കൊണ്ട് ഇനി മുതല്‍ കൈക്കൂലി ഉണ്ടാവില്ലത്രേ! മന്ത്രിയോട് വിനയത്തോടെ ഓര്‍മ്മപ്പെടുത്താനുള്ളത് ഒറ്റക്കാര്യമാണ്. തമാശ പറഞ്ഞോളൂ പക്ഷേ കൊഞ്ഞനം കുത്തരുത്.
ഫിറോസ് പറഞ്ഞു.