തിരുവനന്തപുരം: കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് മുസ്‌ലിംലീഗ്. പതിനാറാം ധനകാര്യ കമ്മിഷന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയാണ് മുസ്‌ലിംലീഗിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തിന്റെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനം സംസ്ഥാനം വഹിക്കേണ്ടിവരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ വരുമാനത്തിന്റെ 37.3 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ മൊത്തം വരുമാനത്തിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് ഏകദേശം 29.6% മാത്രമാണ്. അതിനാല്‍ ഇതുമൂലമുണ്ടായ കുറവിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണം.
കേരളം ജനസംഖ്യാ നിയന്ത്രണം കര്‍ശനമായി പാലിക്കുകയും പ്രതിശീര്‍ഷ വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതുമാണ്. എന്നാല്‍, കേരളത്തിന്റെ വിഹിതം നിശ്ചയിക്കുന്നതില്‍ മുന്‍ ധനകാര്യ കമ്മീഷനുകള്‍ ഈ സവിശേഷതകള്‍ പരിഗണിച്ചിരുന്നില്ല. അതിനാല്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് വിഹിതം നിശ്ചയിക്കുന്ന രീതി പതിനാറാം ധനകാര്യ കമ്മീഷന്‍ സ്വീകരിക്കണം.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വെള്ളപ്പൊക്കം, ഏതാനും മാസങ്ങള്‍ക്കുമുമ്പ് വയനാട്ടിലുണ്ടായതുപോലുള്ള ഉരുള്‍പൊട്ടല്‍, അതുവഴിയുണ്ടായ കൃഷിനാശവും ജീവഹാനിയും കണക്കിലെടുത്ത് കേരളത്തെ അപകടസാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിഹിതം നല്‍കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈവിധ്യവും കാര്യക്ഷമവുമാണ്. അത് പരിഗണിക്കാതെ ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഫണ്ട് അനുവദിച്ചത് കേരളത്തിന്റെ വിഹിതം കുറയാന്‍ കാരണമാകുന്നു. അതുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിതി ആയോഗിന്റെ ശുപാര്‍ശകളില്‍ മാനദണ്ഡമാക്കണം.
കേന്ദ്രത്തിന് ലഭിക്കുന്ന നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സെസും സര്‍ചാര്‍ജും മാറ്റിവയ്ക്കുന്നു.മൊത്തം രാജ്യത്ത് നിന്ന് പിരിച്ചെടുക്കുന്ന പണം ‘ഡിവിസിബിള്‍ പൂള്‍’ വഴി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്നത് ന്യായീകരിക്കാവുന്നതല്ല. ഈ വരുമാനവും ‘ഡിവിസിബിള്‍ പൂള്‍’ വഴി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണം. സാമ്പത്തികമായി ശക്തമായ ഒരു കേന്ദ്രവും സാമ്പത്തികമായി ശക്തമായ സംസ്ഥാനങ്ങളും ഉണ്ടായാല്‍ മാത്രമേ രാജ്യത്തിന് കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഇതിനായി സംസ്ഥാനങ്ങളുടെ സാമ്പത്തിക ഫെഡറലിസം കൂടുതല്‍ സംരക്ഷിക്കപ്പെടണമെന്നും എന്‍.എംസുദ്ദീന്‍ ആവശ്യപ്പെട്ടു