ചെമ്മനാട്: കേരളത്തിലെ ആദ്യ സമ്പൂര്‍ണ കോവിഡ് ആശുപത്രി കാസര്‍ഗോട്ട് തുറന്നു്. കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റ കാസര്‍ഗോട്ട് നിര്‍മിച്ച ആശുപത്രി സമുച്ചയം ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്. കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
നിരവധി പ്രത്യേകതകളുള്ളതാണ് കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മിച്ച ആശുപത്രി സമുച്ചയം. തെക്കില്‍ വില്ലേജില്‍ 5.50 ഏക്കറില്‍ 60 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നിര്‍മാണം നാലു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.81,000 ചതുരശ്ര അടിയില്‍ മൂന്നു സോണുകളായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.ഒന്ന്, മൂന്ന് സോണുകളില്‍ ക്വാറന്റൈന്‍ സംവിധാനങ്ങളും രണ്ടില്‍ കോവിഡ് പോസിറ്റീവായവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
യൂണിറ്റുകളായാണ് ആശുപത്രിയുടെ നിര്‍മാണം. ഇത്തരം 128 യൂണിറ്റുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. 40 അടി നീളവും 10 അടി വീതിയുമുള്ളതാണ് ഓരോ യൂണിറ്റും. യൂണിറ്റുകള്‍ക്ക് 30 വര്‍ഷം വരെയാണ് സാധാരണ ആയുസ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം.ഒന്ന്, മൂന്ന്, സോണുകളിലെ ഒരോ യൂണിറ്റിലും അഞ്ച് കിടക്കകളും ഒരു ശുചിമുറിയും വീതമാണുള്ളത്. ശുചിമുറിയോടു കൂടിയ ഒറ്റ മുറികളാണ് ഐസൊലേഷന്‍ സംവിധാനമുള്ള സോണ്‍ രണ്ടിലെ യൂണിറ്റുകളിലുള്ളത്. യൂണിറ്റുകളില്‍ ആവശ്യാനുസരണം ബെഡ് കൂട്ടാനും കുറയ്ക്കാനും കഴിയും.
രണ്ട് നിരകള്‍ അഭിമുഖമായി വരുന്ന രീതിയിലാണ് ആശുപത്രി നിര്‍മാണം. ഒരു നിരയില്‍ രണ്ട് യൂണിറ്റാണുള്ളത്. രണ്ട് നിരകള്‍ക്കു നടുവില്‍ മേല്‍ക്കൂരയോടുകൂടിയ ഇടനാഴിയുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ യൂണിറ്റുകള്‍ക്കിടയില്‍ വഴിയുണ്ട്. യൂണിറ്റുകളില്‍ എസി, ഫാന്‍, വായു ശുദ്ധീകരണ സംവിധാനം എന്നിവയുണ്ട്.ദേശീയപാതയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്കു മെച്ചപ്പെട്ട റോഡ് സൗകര്യമുണ്ട്. റിസപ്ഷ്ന്‍, ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.
ആശുപത്രിയുടെ മുഴുവന്‍ നിര്‍മാണവും ടാറ്റ ഗ്രൂപ്പ് സൗജന്യമായാണ് ചെയ്തത്. ആശുപത്രിക്കെട്ടിടമായി മാറിയ യൂണിറ്റുകള്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചത്. രണ്ട് സ്റ്റീല്‍ പാളികള്‍ക്കിടയില്‍ തെര്‍മോക്കോള്‍ നിറച്ചായിരുന്നു യൂണിറ്റുകളുടെ നിര്‍മാണം.ടാറ്റയുടെ ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവടങ്ങളിലെ പ്ലാന്റുകളിലാണ് ഇവ നിര്‍മിച്ചത്. ലോറികളില്‍ എത്തിച്ച യൂണിറ്റുകള്‍ കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ചാണ് ആശുപത്രിയാക്കിയത്.