ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്‍.
റോഹിന്‍ഗ്യ മുസ്ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിഷയത്തില്‍ മോദി സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ത്താണ് നേരത്തെ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട എഴുത്തുകാരി പ്രതികരിച്ചത്.
റോഹിന്‍ഗ്യകളെ പിന്തുണച്ച തസ്ലീമ, അഭയാര്‍ത്ഥികളെ നടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും
പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നടത്തിയ അഭിമുഖത്തില്‍ ഡല്‍ഹില്‍ ന്യൂസ് 18നോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ലോകത്ത് ഒരു മനുഷ്യജീവിയും നിയമവിരുദ്ധരല്ല. അഭയാര്‍ത്ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ പൈതൃകം ഇന്ത്യ കാത്തുസൂക്ഷിക്കണമെന്നും, തസ്ലീമ നസ്റിന്‍ പറഞ്ഞു.
“എല്ലാ റോഹിന്‍ഗ്യകളു തീവ്രവാദികളെല്ല. എന്നാല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളില്‍ തീവ്രവാദികള്‍ ഉണ്ടോയെന്നത് പരിശോധിക്കാന്‍ ഇന്ത്യക്ക് കഴിയും. ഇതിന് ബംഗ്ലാദേശിനെക്കാളും പാകിസ്താനെക്കാനെക്കാളും കഴിവ് ഇന്ത്യാ ഗവണ്‍മെന്റിന് ഉണ്ടെന്നാണ് എന്റെ വിശ്വാസ”മെന്നും, തസ്ലീമ അഭിമുഖത്തില്‍ വ്യക്തമാക്കി.
റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ വിഷയത്തില്‍ മ്യാന്‍മാര്‍ സര്‍ക്കാറിനെതിരെയും എഴുത്തുകാരി ശക്താമായി പ്രതികരിച്ചിരുന്നു. മ്യാന്മാറിലെ അക്രമ സ്ഥലങ്ങള്‍ ബുദ്ധ ആത്മീയാചാര്യന്‍ കൂടിയായ ദലൈലാമ സന്ദര്‍ശിക്കണമെന്നും തസ്ലീമ ട്വീറ്റ് ചെയ്തു.
അതേസമയം, റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ബംഗ്ലാദേശ് സര്‍ക്കാറിന്റെ നയം ഇരട്ടത്താപ്പാണെന്നും തസ്ലീമ വിമര്‍ശിച്ചു. മാതൃരാജ്യം വിട്ടു മറ്റൊരു രാജ്യത്ത് അഭയം തേടേണ്ടിവന്ന തനിക്ക് അഭയാര്‍ത്ഥികള്‍ നേരിടുന്ന ദുരിതത്തെ സംബന്ധിച്ച് ശരിയായ ബോധ്യമുണ്ടെന്നും തസ്ലീമ വ്യക്തമാക്കി.
റോഹിന്‍ഗ്യകള്‍ക്കു വേണ്ടി രംഗത്തുവന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട് ഇരട്ടത്താപ്പാണ്. തനിക്ക് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നപ്പോള്‍ അനുകൂലമായ ഒരു നിലപാടും ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതേസമയം നിലവിലെ സാഹചര്യത്തില്‍ റോഹിന്‍ഗ്യകളെ പിന്തുണച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും തസ്ലീമ പറഞ്ഞു