ചണ്ഡിഗഡ്: സിഖ് പ്രൊഫസറെ ‘ഖലിസ്ഥാനി’കളെന്നും മുസ്ലിം വിദ്യാര്‍ത്ഥിയെ ‘ഭീകരവാദി’യെന്നും വിളിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റി താരെക് ഫതഹിനെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു. ഇന്ത്യയിലെ മുസ്ലിം, സിഖ് ന്യൂനപക്ഷ വിഭാഗങ്ങളെപറ്റിയുള്ള മോശം പരാമര്‍ശങ്ങളിലൂടെ ആര്‍.എസ്.എസിന്റെയും സംഘ് പരിവാറിന്റെയും പ്രിയങ്കരനായി മാറിയ കനേഡിയന്‍ പൗരനായ താരെക് യൂണിവേഴ്‌സിറ്റിയില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ താരെക് മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്.
ജിയോഗ്രഫിയില്‍ പി.എച്ച്.ഡി ചെയ്യുന്ന ഗഗന്‍ദീപ് സിങ് ധില്ലന്‍ എന്ന വിദ്യാര്‍ത്ഥി സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ:
ഞാന്‍ ഫിസിക്‌സ് കാന്റീനില്‍ ഇരിക്കുമ്പോള്‍ താരെക് കടന്നുവരികയും വിദ്യാര്‍ത്ഥികളുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗ്രോത്തയില്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ഞങ്ങള്‍. അതിനിടെ, ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രേറിയന്‍ കടന്നുവന്നു. അദ്ദേഹത്തെ ബഹുമാനിക്കാനായി വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റു നിന്നത് താരെകിന് ഇഷ്ടപ്പെട്ടില്ല. ‘മുതിര്‍ന്നവരോട് ഇങ്ങനെ ബഹുമാനം പ്രകടിപ്പിക്കുന്ന രീതി ഇന്ത്യക്കാര്‍ നിര്‍ത്തലാക്കണം’ എന്ന് താരെക് അഭിപ്രായപ്പെട്ടു. സ്വന്തം അച്ഛന്‍ വന്നാലും എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഗില്‍ സ്വദേശിയായ പി.എച്ച്.ഡി വിദ്യാര്‍ത്ഥി മുസ്ഥഫ, താരെകിന്റെ അഭിപ്രായത്തെ എതിര്‍ത്തു. ഇതുകേട്ട് കുപിതനായ താരെക് മുസ്ഥഫയുടെ പേരും നാടും ചോദിക്കുകയും മോശം ഭാഷയില്‍ നേരിടുകയും ചെയ്തു: ‘നീ എവിടത്തുകാരനാണ്? നീയൊരു പാകിസ്താനി ഭീകരനാദിയാണ്. നീ ദേശദ്രോഹിയാണ്…’ എനിക്കു നേരെ തിരിഞ്ഞ താരെക് എന്നെ ‘ഖലിസ്താനി’ എന്നും വിളിച്ചു.
ഇതുകേട്ട വിദ്യാര്‍ത്ഥികള്‍ താരെകിനോട് ദേഷ്യപ്പെട്ടെങ്കിലും തന്റെ വാക്കുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. ജ്ഞാനേശ്വരി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയോട് ‘നിന്റെ മതം കാരണം നീ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്’ എന്ന് പറയുകയും ചെയ്തു. വാഗ്വാദത്തിനിടെ ഫതഹ് മോശം വാക്കുകള്‍ ഉപയോഗിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് താരെകിന്റെ പ്രഭാഷണം സംഘാടകര്‍ ഉപേക്ഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച താരെക് ഫതഹ് കനഡയിലേക്ക് കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തയാളാണ്. ഇന്ത്യയിലെ മുസ്ലിംകളും സിഖുകളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ താരെക് സംഘ് പരിവാറിന് പ്രിയങ്കരനാണ്.