X

യു.എസ് യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ ടോം ഹൈഡന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത അമേരിക്കന്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ ടോം ഹൈഡന്‍ അന്തരിച്ചു. 76 വയസായിരുന്നു. സാന്ത മോണിക്കയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. 1939ല്‍ മിഷിഗണിലായിരുന്നു ജനനം. മിഷിഗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്റ്റുഡന്റ്‌സ് ഫോര്‍ എ ഡെമോക്രാറ്റിക് സൊസൈറ്റി എന്ന സംഘടനക്ക് രൂപംനല്‍കി. 1968ല്‍ വിയറ്റ്‌നാം യുദ്ധത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് വിചാരണ നേരിടുകയും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റമുക്തനാവുകയുംചെയ്തു.

1973ല്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകയും നടിയുമായ ജെയിന്‍ ഫോണ്ടയെ വിവാഹം ചെയ്തു. വിയറ്റ്‌നാം യുദ്ധത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഫോണ്ട സമ്പന്നയും അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച നടിയുമായിരുന്നു. 1970കളില്‍ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധതിരിച്ച ടോം ഹൈഡന്‍ 1982ല്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് അസംബ്ലി അംഗമായി. 10 വര്‍ഷത്തിനുശേഷം കാലിഫോര്‍ണിയ സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം തിളങ്ങി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഹൈഡനില്‍നിന്ന് പുറത്തുവന്നു. പ്രമുഖ പത്രമാസികകളില്‍ കോളമിസ്റ്റായും സേവനമനുഷ്ഠിച്ചു. 2012ല്‍ നടന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഉറച്ചപിന്തുണ നല്‍കി. ലോകത്ത് ഉടലെടുത്ത പുതിയ ശക്തിയെന്നാണ് അദ്ദേഹം ആ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. ഉപരിവര്‍ഗത്തിന്റെ കൈകളില്‍ കുന്നുകൂടുന്ന സമ്പത്ത് ആരും സ്പര്‍ശിച്ചിട്ടില്ലാത്ത മലയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ജെയിന്‍ ഫോണ്ടയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം 1993ല്‍ നടി ബാര്‍ബറ വില്യംസിനെ വിവാഹം ചെയ്തു.

chandrika: