X

താനൂർ-തെയ്യാല റയിൽവെ മേൽപ്പാലം വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ

താനൂർ : താനൂർ-തെയ്യാല മേൽപ്പാല നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ വീണ്ടും. കേരള റോഡ്സ് അന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനോട്‌ ഗേറ്റ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ ഫോട്ടോകളും വിശദമായ റിപ്പോർട്ടും നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അടുത്ത വിചാരണ ദിവസം തന്നെ അർ.ബി.ഡി.സി.കെ. റിപ്പോർട്ട് നൽകണം. റെയിൽവേ ഗേറ്റിന് മുന്നിൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ മിനി ഗോപിനാഥൻ കോടതിയെ അറിയിച്ചത്.

ഇതേ തുടർന്നാണ് ഹൈക്കോടതി അർ.ബി.ഡി.സി.കെ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മേൽപ്പാല നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. പി. അഷറഫാണ് ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്തത്. ഹരജിക്കാരന് വേണ്ടി അഡ്വ. പി. പി റഊഫും, അഡ്വ. പി. ടി. ശീജീഷും ഹാജരായി. കേന്ദ്ര സർക്കാരിന് വേണ്ടി ഡെപ്യുട്ടി സോളിസിറ്റർ ജനറൽ എസ്. മനുവും, സംസ്ഥാന സർക്കാരിനും അർ.ബി.ഡി.സി.കെ.ക്കും വേണ്ടി ഗവണ്മെന്റ് പ്ലീഡർ രസ്മിത രാമചന്ദ്രനും ഹാജറായി. ഒക്ടോബർ 5ന് കേസ് വീണ്ടും പരിഗണിക്കും.

മേൽപ്പാല നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപാരികളും പ്രദേശത്തെ ജനങ്ങളും ശക്തമായ സമരത്തിലാണ്. വ്യാപാരികളുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് താനൂർ ജങ്ഷൻ ഉപരോധിച്ചിരുന്നു. ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കുമെന്ന് നിയോജക മണ്ഡലം എം. എൽ. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാൻ പ്രഖ്യാപനം നടത്തിയിട്ട് ഒരു മാസം പിന്നിട്ടു. ഇനിയും നിർമാണം നീണ്ടു പോയാൽ സമരം ശക്തമാക്കുമെന്നാണ് ദുരിതമനുഭവിക്കുന്നവരുടെ പ്രഖ്യാപനം. മേൽപ്പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ താനൂർ മുനിസിപ്പാലിറ്റിയിലെയും പരിസര പഞ്ചായത്തുക‌ളിലെയും ജനങ്ങളാണ് രണ്ടു വർഷമായി കൊടിയ ദിരിതം അനുഭവിക്കുന്നത്.

webdesk13: