X

താനൂര്‍ കസ്റ്റഡി മരണം; 8 പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി

താനൂര്‍ കസ്റ്റഡിമരണത്തില്‍ പ്രതികളായ 8 പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. താനൂര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫന്‍, ഡാന്‍സാഫ് അംഗങ്ങളായ ജിനേഷ്, അഭിമന്യു, കല്‍പ്പകഞ്ചേരി സ്‌റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി സ്‌റ്റേഷനിലെ ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.

താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിനു ഇരയായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. ദേഹത്ത് 21 പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കസ്റ്റഡിമരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐ.ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ജുഡീഷ്യല്‍ അന്വേഷണംവേണമെന്നും ആവശ്യം

താനൂരില്‍ താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിനെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മരണത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കാലതാമസം വരുന്നത് തെളിവുനശിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

ലഹരി ഉപയോഗം തടയുന്നതിനായി രൂപവത്കരിച്ച ഡാന്‍സാഫ് അംഗങ്ങള്‍ കൃത്യനിര്‍വഹണസമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് താമിര്‍ ജിഫ്രിയുടെ കൂടെ അറസ്റ്റുചെയ്യപ്പെട്ടവര്‍ പറയുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഡാന്‍സാഫ് അംഗങ്ങളെ പിരിച്ചുവിടണമെന്നും താമിര്‍ ജിഫ്രിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങളുന്നയിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് കൗണ്‍സില്‍ നിവേദനം നല്‍കും. ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുമെന്നും അവര്‍ അറിയിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.എം. റഫീഖ്, എ.കെ. മൊയ്തീന്‍കുട്ടി, യാസര്‍ ഒള്ളക്കല്‍, കെ.വി. അന്‍വര്‍, കെ. റഫീദ്, ബഷീര്‍ ചാലില്‍, ഹുസൈന്‍ നരിക്കോട് എന്നിവര്‍ പങ്കെടുത്തു.

webdesk13: