X

കടലില്‍ 100 മീറ്ററോളം കാല്‍നടയായി സവാരി; താനൂര്‍ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനുസമര്‍പ്പിച്ചു

കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കടലില്‍ 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ്ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഇതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫൈബര്‍ എച്ച്.ഡി.പി.ഇ വിദേശനിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകളുടെ മാതൃകയില്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിര്‍മിച്ചിട്ടുള്ളത്.

webdesk11: