X

പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍-എന്റെ അനിയനെ പൊലീസ് കൊന്നതാണ് !

യു.എ റസാഖ്‌

താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് രംഗത്ത്. എന്റെ അനിയനെ പൊലീസ് കൊന്നതാണ്. പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. അവനെ പൊലീസ് പിടികൂടുന്നത് ചേളാരിയില്‍ ചെനക്കലിലെ റൂമില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ്. കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അവനെ ഡ്രസ്സ് പോലും മാറ്റാന്‍ അനുവദിക്കാതെ ഇട്ടിരുന്ന ഷഡിയില്‍ പൊലീസ് ബലമായി റൂമില്‍ നിന്നും പിടിച്ചു കൊണ്ട് പോകുകയാണുണ്ടായത്. റൂമിലുണ്ടായിരുന്ന അഞ്ച് പേരെ കൂടി കൂടെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്‌ക്വാഡാണെന്ന് പറഞ്ഞാണ് ഇവരെ കൊണ്ട് പോയത്.
ശേഷം ചൊവ്വാഴ്ച്ച രാവിലെ 10.35-ന് താനൂര്‍ സി.ഐ വിളിച്ചു നിങ്ങളുടെ അനിയന്‍ മരണപ്പെട്ടു എന്നും താനൂര്‍ ദയ ആശുപത്രിയിലുണ്ടെന്നും അറിയിച്ചു. എങ്ങനെയാണ് മരണപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ എം.ഡി.എം. എ കൂടുതലായി ഉപയോഗിച്ചാണ് മരിച്ചതെന്നും നാല്‌പേരെ കൂട്ടി ആശുപത്രിയിലെത്തണമെന്നും സി.ഐ പറഞ്ഞതെന്നും ജ്യേഷ്ഠ സഹോദരന്‍ ഹാരിസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഹാരിസ് ചേളാരിയില്‍ ജോലിക്കിടയിലാണ് സി.ഐയുടെ ഈ ഫോണ്‍ കാള്‍ വരുന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയി. 11 മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും അനിയന്റെ മൃതദേഹം കാണിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
സബ് കലക്ടര്‍ വന്ന ശേഷം കാണിക്കാമെന്ന് 11.30 മണിയോടെ സബ് കലക്ടര്‍ എത്തിയെങ്കിലും മൃതദേഹം കാണിച്ചില്ല. ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും വരണമെന്നായി. അവരുമെത്തി 12.35 ഓടെയാണ് ജ്യേഷ്ഠനായ എന്നെപ്പോലും മൃതദേഹം കാണിച്ചതെന്നും പൊലീസ് പറയുന്ന കാര്യങ്ങളിലെല്ലാം വൈരുധ്യങ്ങളുണ്ടെന്നും ഹാരിസ് പറയുന്നു. എന്നോട് പറഞ്ഞതും സബ് കലക്ടറോട് പറഞ്ഞതും രണ്ട് രൂപത്തിലാണ്. നാല് പേരടങ്ങുന്ന സ്‌ക്വാഡ് റൂമില്‍ നിന്നും തിങ്കളാഴ്ച്ച വൈകീട്ട് പിടിച്ചു കൊണ്ട് പോയത് കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ട്. പിന്നീട് അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. അര്‍ധരാത്രി 12.10 ന് താനൂര്‍ ദേവദാര്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെവെച്ച് എം.ഡി.എം.എയുമായി പിടികൂടിയെന്നും പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണെന്നുമാണ് പൊലീസ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
അനിയന്‍ ലഹരിക്ക് അടിമയാണെന്ന് വരുത്തി തീര്‍ത്ത് പൊലീസ് നടത്തിയ കൊലപാതകം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലതരത്തിലുള്ള കള്ളപ്രചാരണങ്ങളും പൊലീസ് നടത്തുന്നുണ്ട്. താമിര്‍ എം.ഡി.എം.എ ഉപയോഗിക്കുന്നതായി അറിയില്ല. മൊബൈല്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരുന്ന താമിര്‍ പുതിയ ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. നന്നായിട്ട് സംസാരിക്കാറുള്ള താമിറിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും അവനെ പൊലീസ് മര്‍ദിച്ചു കൊന്നതാണെന്നും സഹോദരന്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാലുടന്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. പൊലീസ് പറയുന്നത് എല്ലാം പച്ചക്കള്ളങ്ങളാണ്. ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. താമിറിനൊപ്പം അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പുറത്ത് വിടണം. തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്ന് പൊലീസ് തന്നെ പറയുന്ന താമിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് രാവിലെ ഏഴ് മണിക്ക് ശേഷമാണ്. അതായത് താമിര്‍ മരണപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം. താമിര്‍ മരണപ്പെട്ടതിനാല്‍ പിന്നീട് തയ്യാറാക്കിയ ആ എഫ്.ഐ.ആറില്‍ പൊലീസിന് രക്ഷിക്കുന്നതിനുള്ള എല്ലാ മാര്‍ഗവും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാന്‍ വൈകിയത്. എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് സംശയിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും ശക്തമായ നടപടി കൊലപാതകികള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.

 

Chandrika Web: