താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.
താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.