മലപ്പുറം: നാടിനെ ഒന്നാകെ നടുക്കിയ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിരുന്നു.
താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ത്തീരത്ത് കഴിഞ്ഞ മേയ് 7 രാത്രി നടന്ന ബോട്ടപകടത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നല്‍കിയതിലും സര്‍വീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങള്‍ സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ ഉള്‍പ്പെടെയുള്ളര്‍ അറസ്റ്റിലായിരുന്നു.