കണ്ണൂര്‍: പിലാത്തറ-പയ്യന്നൂര്‍ പാതയില്‍ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം.
മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല.
എന്നാല്‍ അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ലോറി ഇടിച്ചത്. വാഹനത്തിൻ്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവതി അരികിലേക്ക് അടുപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ലോറിയില്‍ നിന്ന് ടാങ്കര്‍ ഭാഗം ഇളകി ട്രാവലറിന് മുകളില്‍ വീണു.
തൊട്ടുപിന്നാലെ മറ്റൊരു കാറിനെയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരുന്ന കാറിലും മറ്റൊരു കാറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാര്‍(40) പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് പഴയങ്ങാടി വഴി കണ്ണൂര്‍ പാതയില്‍ ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. ഉച്ചയോടെ മംഗളുരുവില്‍ നിന്ന് ഉദ്ദ്യോഗസ്ഥർ എത്തിയാല്‍ മാത്രമേ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റൂ. ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകി താഴേക്ക് തൂങ്ങി നില്‍ക്കുകയാണ്. റോഡില്‍ ഉരസാത്തതാണ് വാതക ചോർച്ച ഒഴിവാക്കിയത്. പയ്യന്നൂരില്‍ നിന്ന് കെ.വി പ്രഭാകരന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും ഫയര്‍ റെസ്ക്യൂസ് ടീമും ഉള്‍പ്പെടെ പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി സ്റ്റേഷനുകളില പൊലീസ് സംഘവും സ്ഥലത്തുണ്ട്.