X

‘വിലങ്ങഴിക്ക് സൈനികനെ അടിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാം’, ഇസ്രാഈല്‍ ജഡ്ജിയുടെ ചോദ്യത്തിന് ഫലസ്തീന്‍ പെണ്‍കുട്ടിയുടെ തകര്‍പ്പന്‍ മറുപടി

ടെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ പെണ്‍കുട്ടി ആഹിദ് തമീമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചാവിഷയമായിരുന്നു. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു പുറത്ത് പട്ടാളക്കാരുമായി തമീമി ഏറ്റുമുട്ടുന്നതായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. പതിനഞ്ചു വയസുള്ള സഹോദരനെ ഇസ്രാഈല്‍ സൈനികര്‍ വെടിവെച്ചു വീഴ്ത്തിയതാണ് തമീമിയെ ചൊടിപ്പിച്ചത്.

സൈനികരെ സധൈര്യം ചോദ്യം ചെയ്ത തമീമിയുടെ നിലപാടിന് അന്താരാഷ്ട്രതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തമീമി ഇസ്രാഈല്‍ ജഡ്ജിക്കു നല്‍കിയ ധീരമായ മറുപടി ഫലസ്തീന്‍ ജനതക്കു ഊര്‍ജം പകരുന്നതാണ്. ഞങ്ങളുടെ സൈനികരെ എങ്ങനെയാണ് നീ അടിച്ചതെന്ന ജഡ്ജിയുടെ ചോദ്യത്തിന് എന്റെ വിലങ്ങഴിക്ക് സൈനികരെ അടിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാമെന്ന മറുപടിയാണ് തമീമി നല്‍കിയത്.

പതിറ്റാണ്ടുകള്‍ നീണ്ട ഫലസ്തീന്‍ ജനതയുടെ പ്രതിഷേധത്തിന്റെ നേര്‍മുഖമായിരിക്കുകയാണ് തമിമിയുടെ നിലപാട്.
അതേസമയം, തമീമിയെ ജനുവരി എട്ടു വരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടു. തമീമിയുടെ മാതാവിനും സഹോദരിക്കുമെതിരെ ഇസ്രാഈല്‍ കോടതി 12 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Watch Video:

സൈനികരെ കയ്യേറ്റം ചെയ്യല്‍, കല്ലെറിയല്‍, ഭീഷണിപ്പെടുത്തല്‍, ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ പ്രധാനം.

നബീ സ്വാലിഹിലെ ഫലസ്തീന്‍ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തമാണ് തമീമി കുടുംബം. എന്നാല്‍ആദ്യമായാണ് തമീമിയെ ഇസ്രാഈല്‍ സേന അറസ്റ്റു ചെയ്യുന്നത്. മുമ്പ് മാതാവ് നരിമാനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ അഞ്ചു തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫര്‍ തടങ്കല്‍ പാളയത്തിന് പുറത്ത് ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മനാല്‍ തമീമിയെന്ന യുവതിയെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നു.

ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്താത്തതിനാല്‍ നൂറിനെയും മാലിനെയും അതിവേഗം മോചിപ്പിക്കാന്‍ സാധിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ ഗാബി ലാസ്‌കി പറഞ്ഞു. ഇസ്രാഈല്‍ കോടതി മകള്‍ക്ക് തടവു ശിക്ഷ വിധിച്ചേക്കുമെന്ന് തമീമിയുടെ പിതാവ് ബാസിം ആശങ്ക പ്രകടിപ്പിച്ചു. പരമാവധി കാലം തടവില്‍ പാര്‍പ്പിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാസിമിനെയും ഇസ്രാഈല്‍ സേന നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.

chandrika: