ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന്‍ സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണ്ണയിച്ചത്. 122 വോട്ടാണ് പളനിസ്വാമിക്ക് ലഭിച്ചത്. പനീര്‍ശെല്‍വം ക്യാമ്പിലെ 11 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. സ്പീക്കറുടെ നടപടിയില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ തിരിച്ചു.
പ്രതിപക്ഷനേതാവ് എം.കെ സ്റ്റാലിനടക്കം ഡി.എം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്തേക്ക് നീക്കി. സഭാതലത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി. കോണ്‍ഗ്രസ് എം.എല്‍.എമാരേയും സഭയില്‍ പ്രവേശിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ കോണ്‍ഗ്രസും ലീഗും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഉച്ചക്ക് സഭ കൂടിയപ്പോഴും ബഹളം തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡി.എം.കെ എം.എല്‍.എമാരെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കി.