ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.
കാരൂര്‍, കോയമ്പത്തൂര്‍, തിരുപ്പുര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. റാണിപേട്ടില്‍ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. പരിശോധനകള്‍ കര്‍ശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്.
സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാനായി 118 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 234 നിയമസഭ മണ്ഡലങ്ങളിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.