X

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. ഒരു ദിവസം ദീര്‍ഘിച്ച ആശങ്കകള്‍ക്കൊടുവില്‍ രാത്രി 12-30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അപ്പോളോ ആസ്പത്രി മരണം സ്ഥീരകരിച്ചത്. 11-30ന് മരണം സംഭവിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി പനീര്‍ സെല്‍വം ചുമതലയേല്‍ക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ആകാംക്ഷ, പിരിമുറുക്കം, വേദന, കണ്ണീര്‍, അട്ടഹാസം, ആശ്വാസം.. എല്ലാമുണ്ടായിരുന്നു ഇന്നലെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയുടെ മുറ്റത്ത്. തമിഴകം മുഴുവന്‍ തങ്ങളുടെ മുഖ്യമന്ത്രിക്കായി പ്രാര്‍ത്ഥനയോടെ കേണ ദിനത്തില്‍ ജയലളിത മരിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ തമിഴകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഒടുവില്‍ വളരെ വൈകിയാണ് മരണ വാര്‍ത്ത വന്നത്. നാടകീയവും അതീവ സംഘര്‍ഷഭരിതവുമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ജയലളിത മരിച്ചിട്ടില്ലെന്ന ആസ്പത്രി പത്രക്കുറിപ്പ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയും ജനം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ 11-30 നുള്ള അപ്പോളോ പത്രക്കുറിപ്പിന് ശേഷം കണ്ടത് വാവിട്ടു നിലവിളിക്കുന്ന തമിഴ് ജനതയെയാണ്.

ആസ്പത്രിക്കു മുമ്പില്‍ രാത്രി വൈകിയും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ തടിച്ചുകൂടി നില്‍ക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് അപ്രതീക്ഷിത ഹൃദയാഘാതത്തെ തുടര്‍ന്ന് ജയയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യു.കെയില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബില്‍, എയിംസില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റുകളായ ഡോ. നരംഗ്, ഡോ. തല്‍വാര്‍, ഡോ. ത്രഹാന്‍, ഡോ. ത്രിഖ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. ഹൃദയസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇ.സി.എം.ഒ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രയ്ന്‍ ഓക്‌സിജാന്‍ ഡിവൈസ്)യുടെ സഹായത്തോടെയാണ് ജയ ശ്വസിക്കുന്നത്. തങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നുമാണ് ജയയെ ചികിത്സിക്കാനെത്തിയ യു.കെയില്‍ നിന്നുള്ള വിഖ്യാത തീവ്രപരിചരണ വിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് നീലിന്റെ വൈകീട്ടുള്ള പ്രതികരണം.

ഇന്നലെ വൈകിട്ട് ദിനതന്തി, പുതിയതലമുറൈ, സണ്‍ ടി.വി എന്നീ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ ജലയളിത മരിച്ചെന്ന വാര്‍ത്തപുറത്ത് വിട്ടിരുന്നു. ഈ മാധ്യമങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളും മരണ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വാര്‍ത്ത അവാസ്തവമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ആസ്പത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ, അണ്ണാ ഡി.എം.കെയുടെ ആസ്ഥാനത്ത് പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടുകയും പിന്നീട് ഉയര്‍ത്തുകയും ചെയ്തു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പാര്‍ട്ടി നേതാക്കള്‍ വൈകിട്ട് ഏഴരയ്ക്ക് അവ്വൈ ഷണ്‍മുഖം സലായിയിലുള്ള ആസ്ഥാനത്ത് യോഗം ചേര്‍ന്നു.

മൃതദേഹം ഇന്ന് രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഇന്നലെ വൈകീ പോയസ് ഗാര്‍ഡനിലേക്ക് മൃതദേഹം മാറ്റിയിരുന്നു. അതിനിടെ, ജയ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആസ്പത്രിക്കു പുറത്ത് തടിച്ചുകൂടിയിരുന്ന ജനം അക്രമാസക്തരായി. ആസ്പത്രിക്കു നേരെ കല്ലേറുണ്ടാകുകയും പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതോടെ ജനം ശാന്തരാകുകയായിരുന്നു. ആസ്പത്രിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കടകളും പെട്രോള്‍ പമ്പുകളും അടച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ആസ്പത്രിക്കു മുമ്പില്‍ തടിച്ചുകൂടിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 15000 പൊലീസുകാരെയും 1500 സി.ആര്‍.പി.എഫുകാരെയും അധികം വിന്യസിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ആരും ഡ്യൂട്ടി വിട്ടു പോകരുത് എന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയി. പൊലീസുകാര്‍ രാവിലെ ഏഴു മുതല്‍ തന്നെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന്് ഡി.ജി.പി രാജേന്ദ്രന്‍ സര്‍ക്കുലറിറക്കിയിരുന്നു. ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

chandrika: