ചെന്നൈ: തമിഴ്‌നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം തയാറായി എന്നാണ് വിവരം. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പനീര്‍ശെല്‍വത്തെ നിയമിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം വി.കെ ശശികല, ടിടിവി ദിനകരന്‍ എന്നിവരില്‍ നിന്ന് രാജി എഴുതി വാങ്ങും.
പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് ശശികലയെയും ദിനകരനെയും പുറത്താക്കി പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം മുന്‍ നിര്‍ത്തിയാണ് പളനിസ്വാമി ലയനശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഒപിഎസ്-ഇപിഎസ് വിഭാഗം ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ലയന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ശശികലയും മന്നാര്‍ഗുഡി സംഘവും പാര്‍ട്ടിയില്‍ ഉള്ള കാലത്തോളം തിരിച്ചുവരില്ലെന്ന് പനീര്‍ശെല്‍വം ഉറച്ച നിലപാടെടുത്തതോടെയാണ് പുതിയ നീക്കങ്ങളുണ്ടായത്. പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന് ശശികലയെയും ദിനകരനെയും പുറത്താക്കി. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.