മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നത് പരിഹാസ്യമാണെന്നും അര്‍ത്ഥമില്ലാത്തതാണെന്നും വിമർശനം ഉന്നയിച്ച പത്രത്തെ അപലപിച്ച് എം.കെ.സ്‌റ്റാലിൻ. പത്രം കാണിച്ചത് അതിന്റെ സനാതന സ്വഭാവമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ദിനമലര്‍ എന്ന ദിനപത്രത്തിന്റെ സേലം, ഈറോഡ് എഡിഷനുകളിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍, ‘വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സ്‌ക്വയര്‍ ഭക്ഷണം, സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ നിറഞ്ഞു കവിയുന്നു’ എന്നായിരുന്നു പരിഹാസം നിറഞ്ഞ വാർത്ത.
മനുധര്‍മമാണ് ദിനമലര്‍ പത്രം എന്നും കൊണ്ടുനടക്കുന്നത്. ശൂദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന രീതി തകര്‍ത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്. 21ാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയക്കുമ്പോള്‍ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവര്‍ ഇത്തരമൊരു തലക്കെട്ടാണ് നല്‍കുന്നതെങ്കില്‍ 100 വര്‍ഷം മുമ്പ് അതെന്തുചെയ്യുമായിരുന്നുവെന്നും . അടിച്ചമര്‍ത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു.ദ്രാവിഡ പാര്‍ട്ടികൾ നടപ്പാക്കിയ ക്ഷേമപദ്ധതികളെ പരിഹസിച്ചതിന് മുന്‍പും ബി ജെ പി അനുകൂല പത്രമായ ദിനമലര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.