X

ക്ലാസില്‍ തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക

ക്ലാസില്‍ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദനം. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി. ചെന്നൈ റോയപുരം മാന്‍ഫോര്‍ഡ് പബ്ലിക് സ്‌കൂളില്‍ ജനുവരി 23നായിരുന്നു സംഭവം.

നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. മറ്റൊരു കുട്ടിയോട് വിദ്യാര്‍ഥി തമിഴില്‍ സംസാരിക്കുന്നത് കണ്ട ഇവര്‍ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. ചെവി തൊലിയില്‍ നിന്ന് 2 ഇഞ്ചോളം വേര്‍പെട്ട നിലയിലായിരുന്നു മാതാപിതാക്കള്‍ കാണുമ്പോള്‍ കുട്ടി.

കുട്ടി കളിക്കുമ്പോള്‍ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അത്യാസന്ന നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേര്‍ത്തു.

പിന്നീട് കുട്ടി പറയുമ്പോഴാണ് നായഗി ചെവിയില്‍ പിടിച്ച് വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ ചോദിക്കാന്‍ ചെന്ന ഇവരും സ്‌കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. കുട്ടിയുടെ അമ്മ ഗുഗന്യ നായഗിയെ മര്‍ദിച്ചതായാണ് ഇവര്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2 പേരുടെ ഭാഗത്ത് നിന്നും നിലവില്‍ റോയപുരം പൊലീസില്‍ പരാതിയെത്തിയിട്ടുണ്ട്. നായഗിക്കെതിരെ ഐപിസി 341,323 പ്രകാരം പൊലീസ് കേസെടുത്തു. ഗുഗന്യയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

webdesk13: