X

തമിഴ് രാഷ്ട്രീയം വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങളില്‍

 

ചെന്നൈ: ശശികല ക്യാമ്പിലെ പൊട്ടിത്തെറിക്കു പിന്നാലെ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള നീക്കം തുടങ്ങി. ഒ പന്നീര്‍ശെല്‍വം വിഭാഗവും ശശികല ക്യാമ്പിലെ വിമത ഗ്രൂപ്പുമാണ് സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം നേരത്തെ ഉന്നയിച്ച രണ്ട് ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇത് അംഗീകരിച്ചാലല്ലാതെ ലയനത്തിന് തയ്യാറല്ലെന്നും ഒ പന്നീര്‍ശെല്‍വം വ്യക്തമാക്കി.
ശശികലയേയും കുടുംബത്തേയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം എന്നീ രണ്ട് ഉപാധികളാണ് പന്നീര്‍ശെല്‍വം മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ ലയനത്തിനു തയ്യാറാണെന്ന് ഒ.പി.എസ് ക്യാമ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ ആവശ്യം ദിനകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇതുവരെ അംഗീകരിച്ചിട്ടില്ല.
തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചെറിയ ഇടവേളക്കു ശേഷം തിങ്കളാഴ്ച രാത്രിയാണ് വീണ്ടും പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത, ദിനകരനെതിരായ പരസ്യ വിയോജിപ്പായി രൂപാന്തരപ്പെടുകയായിരുന്നു. 26 മന്ത്രിമാര്‍ വൈദ്യുതമന്ത്രി തങ്കമണിയുടെ ചെന്നൈ ഗ്രീന്‍വെയ്‌സ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. ഭവനവകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ വസതിയില്‍ മറ്റുചില മന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു. രാത്രി വൈകി ഇരുവരും മന്ത്രി തങ്കമണിയുടെ വീട്ടില്‍ നടന്ന യോഗത്തിനെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇരു യോഗങ്ങളിലും പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ കൂടി പിന്തുണയോടെയാണ് ദിനകരനെതിരായ പടനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ദിനകരന്‍ വിട്ടു വീഴ്ചക്കു തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലില്‍ പോയതോടെയാണ് ബന്ധു കൂടിയായ ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്‍ സ്ഥാനാര്‍ത്ഥിയായതോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള ശ്രമമാണെന്ന അഭ്യൂഹം ശക്തമായി. ഇതാണ് ദിനകരനെതിരെ നീങ്ങാന്‍ മറ്റു നേതാക്കളെ പ്രേരിപ്പിച്ചത്. പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദിനകരന്‍ കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പൊലീസ് കേസെടുക്കുക കൂടി ചെയ്തതോടെ എതിര്‍പ്പ് രൂക്ഷമാവുകയായിരുന്നു.
പന്നീര്‍ശെല്‍വം ക്യാമ്പുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ശശികല ക്യാമ്പിലെ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന്‍ പറഞ്ഞു. ചെന്നൈയിലെ വസതിയില്‍ ദിനകരനുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മുഖ്യമന്ത്രി പളനിസ്വാമിയും മന്ത്രിമാരുമടക്കം 122 എം.എല്‍.എമാരും ഇന്ത്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ സമുദ്രസഞ്ചാരത്തിനു പുറപ്പെട്ടു. നേരത്തെ പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമായപ്പോള്‍ എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് ശശികല ക്യാമ്പ് പ്രതിസന്ധി മറികടന്നത്. സമാനമായ രീതിയിലാണ് എം. എല്‍. എമാര്‍ നടുക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുദ്ധക്കപ്പല്‍ പരിചയപ്പെടുന്നതിനുള്ള ടൂറിലാണ് എം.എല്‍.എമാര്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഒരു തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രക്കില്ലെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.

chandrika: