കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്പത്തൂരില്‍ തുടക്കമായി. ലോകോത്തര വാണിജ്യശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതിയ തെഴിലവസരങ്ങള്‍ നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്‌സ് സെന്ററുകള്‍ അടക്കം കൂടുതല്‍ പദ്ധതികള്‍ തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭംകൂടിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അബുദാബിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ചത്.
തമിഴ്‌നാട്ടിലേക്ക്കൂടി ലുലുവിന്റെ സേവനം ലഭ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലുവിന്റെ ആഗമനത്തോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം കോയമ്പത്തൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണെന്ന് യൂസുഫലി എംഎ ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.
നേരിട്ടും അല്ലാതെയും അയ്യായിരം പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കും. പ്രാദേശിക തലത്തില്‍ പുതിയ പദ്ധതികള്‍ വരുന്നതോടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. തമിഴ്‌നാട്ടിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കായി ലോജിസ്റ്റിക്‌സ് സെന്ററുകളും വിവിധയിടങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഇലക്ട്രോണിക്‌സ് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്. തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലകളില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍, മറ്റ് ആവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യസംവര്‍ധക വസ്തുക്കള്‍, ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് കോയമ്പത്തൂര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവുമുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമായിരിക്കും.
ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഇന്ത്യ സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉല്‍ഘാടന ചടങ്ങില്‍സന്നിഹിതരായിരുന്നു.