X

പളനിസാമി സര്‍ക്കാര്‍ കുറ്റവാളികളുടെ കൂട്ടമെന്ന് കമല്‍ഹാസന്‍

ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ക്രിമിനലുകളുടെ കൂട്ടമെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണം. ജനങ്ങള്‍ സംസാരിക്കട്ടെ- ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അദ്ദേഹം പറഞ്ഞു.
കോടതി പറഞ്ഞ കാര്യമാണ് താന്‍ പറയുന്നത്. അന്തരിച്ച മുഖ്യമന്ത്രിയും(ജയലളിത) കുറ്റാരോപിതയായിരുന്നു. നിയമസഭ ശുദ്ധമാക്കണം. തെരഞ്ഞെടുപ്പിന് അവസരമൊരുക്കി ജനാഭിപ്രായം തേടുകയാണ് ഈ അവസരത്തില്‍ വേണ്ടതെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒട്ടും അനുയോജ്യനല്ലെന്നാണോ കരുതുന്നതെന്ന ചോദ്യത്തിന് ‘ഞാന്‍ വളരെ ദേഷ്യക്കാരനാണ്. ദേഷ്യക്കാരായ രാഷ്ട്രീയക്കാരെ ജനം ഇഷ്ടപ്പെടില്ല.’ എന്നായിരുന്നു മറുപടി.
നേരത്തെ, വിശ്വാസവോട്ടെടുപ്പിനെ പരിഹസിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘തമിഴ്‌നാട്ടിലുളളവരേ, നിങ്ങളുടെ ആദരണീയരായ എംഎല്‍എമാരെ എല്ലാവിധ ബഹുമാനത്തോടെ സ്വീകരിക്കൂ’ എന്നായിരുന്നു കമല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
പ്രതിപക്ഷത്തെ സഭയില്‍ നിന്ന് പുറത്താക്കി122 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് പളനിസാമി മന്ത്രിസഭ സഭയില്‍ വിശ്വാസ വോട്ട് നേടിയത്. പന്നീര്‍ശെല്‍വം വിഭാഗത്തിലെ 11 പേര്‍ എതിര്‍ത്തുവോട്ടു ചെയ്തു.

chandrika: