X

കേന്ദ്രം ഒഴിവാക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ നിശ്ചലദൃശ്യങ്ങളുമായി തമിഴ്‌നാട്

റിപ്പബ്ലിക് ദിനാഘോഷത്തെ കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടമാക്കി തമിഴ്‌നാട്. ഡല്‍ഹിയിലെ ആഘോഷത്തില്‍നിന്ന് കേന്ദ്രം ഒഴിവാക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ നിശ്ചലദൃശ്യത്തെ സംസ്ഥാനത്തെ ആഘോഷത്തില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, കപ്പല്‍ സര്‍വ്വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ ചിദംബരനാര്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് ഭാരതിയാര്‍, സ്വാതന്ത്ര്യ സമര സേനാനിയും മുസ്‌ലിംലീഗ് നേതാവുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവരെ അവതരിപ്പിച്ച നിശ്ചല ദൃശ്യമാണ് കേന്ദ്രം വിലക്കിയത്. സംസ്ഥാന തല ആഘോഷത്തില്‍ ഇതേ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ഒരു കാരണവും പറയാതെയാണ് കേന്ദ്രം നിശ്ചലദൃശ്യങ്ങള്‍ വെട്ടിയത്. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചെന്നൈ മറീന കടല്‍ക്കരയില്‍ പ്രതിഷേധ ദൃശ്യങ്ങള്‍ ഇടംപിടിച്ചത്. തമിഴ് നാട്ടിലെ നഗരവീഥികളില്‍ ഈ ദൃശ്യം ഉപയോഗിച്ച് പര്യടനം നടത്തുകയും ചെയ്തു. തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അതേസമയം കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ശ്രീനാരായണ ഗുരുവിന് പകരം ശങ്കരാചാര്യര്‍ വേണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിന്റെ നിശ്ചല ദൃശ്യവും ഇതുപോലെ ഒഴിവാക്കി. മമത ബാനര്‍ജി ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

 

Test User: