നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷയെ എതിർത്തു കൊണ്ട് തമിഴ്‌നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് സ്റ്റാലിൻ കത്തയച്ചത്. മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനത്തിന് നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും ദേശീയ തലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നുമുള്ള നിരന്തരമായ ആവശ്യം വീണ്ടും ആവർത്തിക്കാനാണ് ഈ കത്തെഴുതുന്നതെന്ന് സ്റ്റാലിൻ പറയുന്നു.
പ്രത്യേക പരീക്ഷ നടത്താതെ പ്രഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രവേശന പരീക്ഷകൾ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടുന്നു.