X

സന്ദര്‍ഭംനോക്കി ഇടപെടും: തമിഴ്‌നാട് മുസ്‌ലിം ലീഗ്

കെ.എം നിസാമുദ്ദീന്‍

കെ.പി ജലീല്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ എ.ഐ.എ. ഡി.എം.കെയിലെ ഏതുപക്ഷത്തിന് പിന്തുണ നല്‍കുന്നു എന്നതിലല്ല, സംസ്ഥാനത്ത് ശക്തമായ ഭരണം ഉറപ്പാക്കുകയാണ് മുസ്്‌ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എം നിസാമുദ്ദീന്‍ വ്യക്തമാക്കി.

ചെന്നൈയിലെ മണ്ണടിയിലുള്ള പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ‘ചന്ദ്രിക’ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിനയം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷവും എ.ഐ.ഡി. എം.കെ സംസ്ഥാനം ഭരിച്ചപ്പോള്‍ മുസ്്‌ലിംലീഗ് പ്രതിപക്ഷത്തായിരുന്നു. ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് ഇപ്പോഴും പാര്‍ട്ടി. ആ നയം ഇപ്പോഴും തുടരുകയാണെന്നും ശശികല അധികാരത്തില്‍ വരുന്നത് ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഭാവിക്ക് യോജിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ. പി സര്‍ക്കാരാണ് ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത്. ഇതിനെ കുറ്റം പറയാനുമാവില്ല. കാരണം അത് ഗവര്‍ണറുടെ അധികാരപരിധിയില്‍ പെട്ടതാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ശശികല തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പാര്‍ട്ടി അണികളും ജനങ്ങളും പനീര്‍ശെല്‍വത്തോടൊപ്പമാണെന്ന് നിസാമുദ്ദീന്‍ ചൂണ്ടിക്കാട്ടി.എതിര്‍പക്ഷത്തായിരുന്നെങ്കിലും അന്തരിച്ച

ജയലളിതയുടെ നിലപാടുകള്‍ ന്യൂനപക്ഷവിരുദ്ധമെന്ന് പറയാനാവില്ല. സംസ്ഥാനത്ത് എട്ടുശതമാനത്തോളം പേരാണ് ഇസ്്‌ലാം മതവിശ്വാസികളായുള്ളത്. സംസ്ഥാന നിയമസഭയില്‍ തിരുനെല്‍വേലി കടയനല്ലൂരില്‍ നിന്നുള്ള ഏക എം.എല്‍.എ കെ.എം അബൂബക്കറാണ് മുസ്്‌ലിം ലീഗിനുള്ളത്. നിയമസഭയില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അപ്പോള്‍ അതെക്കുറിച്ച് ആലോചിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ പിന്തുണയോടെ അധികാരത്തില്‍ വന്നാലും പനീര്‍ശെല്‍വത്തിന് അവരുടെ വിദ്വേഷരാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നും തികഞ്ഞ മതേതരവാദിയാണ് പനീര്‍സെല്‍വമെന്നും മുസ്്‌ലിംലീഗ് നേതാവ് പറഞ്ഞു. മുസ്്‌ലിംലീഗിന് പതിനേഴ് എം.എല്‍.എമാരുണ്ടായിരുന്ന മദിരാശി നിയമസഭയില്‍ കെ. കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷനേതൃസ്ഥാനമുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്.

ആന്ധ്രയുടെയും കേരളത്തിന്റെയും ഭാഗമായിരുന്നു അന്ന് മദിരാശി സംസ്ഥാനം. മലബാര്‍ ഭാഗത്തെ സീറ്റുകളാണ് പാര്‍ട്ടി സ്ഥാപകനേതാവ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിനെ പ്രതിപക്ഷനേതാവാക്കിയത്. പിന്നീട് തമിഴ്‌നാട് സംസ്ഥാനം രൂപവല്‍കരിക്കപ്പെട്ടപ്പോള്‍ ഏഴുവരെ സീറ്റുകളുണ്ടായിരുന്നു മുസ്്‌ലിം ലീഗിന്. എ.ഐ.എ.ഡി.എം.കെയുടെയും ഡി.എം.കെയുടെയും മുന്നണികളില്‍ ഘടകക്ഷിയായിരുന്നിട്ടുള്ള ലീഗിന് വാണിയമ്പാടി, വെല്ലൂര്‍ സീറ്റുകളില്‍ നിന്നായി രണ്ടുതവണ ലോക്‌സഭംഗങ്ങളെയും ജയിപ്പിക്കാനായിട്ടുണ്ട്.

chandrika: