ചെന്നൈ: മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് തമിഴ്‌നാട്ടിലെ രണ്ടാം ക്ലാസുകാരി അനുപ്രിയ നല്‍കിയത് നാലു വര്‍ഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം. സൈക്കിള്‍ വാങ്ങുന്നതിനായി പണക്കുടുക്കയില്‍ ശേഖരിച്ച 8,846 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുപ്രിയ നല്‍കിയത്. എന്നാല്‍, ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രമുഖ സൈക്കിള്‍ നിര്‍മാണ കമ്പനിയായ ഹീറോ സൈക്കിള്‍സ് അനുപ്രിയക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുമെന്ന് വ്യക്തമാക്കി.
അനുപ്രിയയുടെ തുല്യതയില്ലാത്ത സഹായ മനസ്‌കത ഒരു തമിഴ്പത്രം വാര്‍ത്തയാക്കുകയായിരുന്നു. എതിരജന്‍ ശ്രീനിവാസന്‍ എന്നയാള്‍ ട്വിറ്ററിലൂടെ ഈ വാര്‍ത്ത പ്രധാനമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ ടാഗ് ചെയ്ത് അറിയിച്ചു. 1500-ലധികമാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഹീറോ സൈക്കിള്‍സ് അനുപ്രിയക്ക് സോഷ്യല്‍ മീഡിയയിയൂടെ പുതിയ സൈക്കിള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
‘പ്രിയപ്പെട്ട അനുപ്രിയ, ആവശ്യ സമയത്ത് മനുഷ്യത്വത്തെ സഹായിക്കാനുള്ള നിന്റെ മനസ്‌കതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ നിനക്കൊരു പുതിയ സൈക്കിള്‍ നല്‍കും. മേല്‍വിലാസം നല്‍കുകയോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയോ ചെയ്യുക’ എന്നായിരുന്നു ഹീറോ സൈക്കിള്‍സ് ചെയര്‍മാന്‍ പങ്കത് എം മുഞ്ചാലിന്റെ ട്വീറ്റ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് അനുപ്രിയയുടെ അഡ്രസ് ഹീറോയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് എതിരജന്‍ വ്യക്തമാക്കി.