X

നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി അറസ്റ്റില്‍

ബംഗളൂരു: മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ എഐഎഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് കഴിഞ്ഞമാസം യുവതി മണികണ്ഠനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. രാമനാഥപുരത്തുനിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമാണ് എം. മണികണ്ഠന്‍.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കു ഗര്‍ഭിണിയായി.

മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടിരുന്നു.

 

Test User: