X
    Categories: Views

തമിഴ്‌നാട്ടില്‍ താരങ്ങളും രാഷ്ട്രീയക്കാരും നിലത്തിറങ്ങും; ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും നിരോധനം

ചെന്നൈ : തമിഴ്‌നാട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ബാനറുകളിലും കട്ട്ഔട്ടുകളിലും ഉപയോഗിക്കുന്നതിന് നിരോധനം. മദ്രാസ് ഹൈക്കോടതിയാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നഗരവും പരിസരങ്ങളും വൃത്തിയായി സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നു അധികാരികളോട് പറഞ്ഞ കോടതി ഇത്തരം അനാവശ്യബാനറുകളും കട്ടൗട്ടുകളും ചുമര്‍ചിത്രങ്ങളും നീക്കാന്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

രാഷ്ട്രീയക്കാരുടേയും സിനിമതാരങ്ങളുടേയും കട്ടൗട്ടുകളും കൂറ്റന്‍ ബാനറുകളും സ്ഥിരം കാഴ്ചയാണെന്നിരിക്കെയാണ് കോടതിയുടെ പുതിയ തീരുമാനം.

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ഫഌകസ്, സൈന്‍ ബോര്‍ഡ്, ബാനറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എസ്.വൈദ്യനാഥന്റെ ഉത്തരവില്‍ പറയുന്നു. കൂടാതെ, ശുചിത്വമുള്ള പരിസരമെരുക്കുന്നതിനായി 1959-ലെ തമിഴനാട് പ്രിവന്‍ഷന്‍ ഓഫ് ഡിസ്ഫിഗ്വര്‍മെന്റ് ആക്ട് പുനഃപരിശോധിക്കാനും, അവശ്യമായ മാറ്റങ്ങള്‍ കൈക്കൊള്ളാനും കോടിതി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

തമിഴ്‌നാട് സ്വദേശിനി ബി തിരുലോചന കുമാരി, തന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് ഇത്തരം ബാനറുകള്‍ നീക്കംചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് നല്‍കിയ ഹരിജിയിലാണ് കോടതി നടപടി. നേരത്തെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അതു സ്വീകരിക്കാതെ തന്നെ ഭീക്ഷണിപ്പെടുത്തുകയാണുണ്ടായതെന്ന് തിരുലോചന പറയുന്നു.

പുതിയ ഉത്തരവിനോട് പരസ്യകമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജനങ്ങന്‍ സോഷ്യല്‍മീഡിയകളില്‍ അനുകൂല നിലപാടുമായാണ് രംഗത്തെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: